ഗ്ലോബല്‍ കോമ്പറ്റേറ്റീവ്‌നെസ് ഇന്‍ഡക്സില്‍ 68-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ വാര്‍ഷിക ഗ്ലോബല്‍ കോമ്പറ്റേറ്റീവ്‌നെസ് ഇന്‍ഡക്സില്‍ പിന്തള്ളപ്പെട്ട് ഇന്ത്യ. കഴിഞ്ഞതവണ 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 68-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്.

മാക്രോ എക്കണോമിക് സ്റ്റെബിലിറ്റിയിലും വിപണിയുടെ വലിപ്പത്തിലും ഇന്ത്യ മികച്ച റാങ്ക് നേടിയെങ്കിലും ബാങ്കിങ് മേഖലയെ വലിയ ക്രമക്കേടുകള്‍ ബാധിച്ചുവെന്നാണ് ലോക സാമ്പത്തിക ഫോറം വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത വിപണി എന്ന സ്ഥാനം അമേരിക്കയെ പിന്തള്ളി സിംഗപ്പൂര്‍ കരസ്ഥമാക്കി.

141 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ അമേരിക്ക രണ്ടാംസ്ഥാനവും ഹോങ്കോങ് മൂന്നാം സ്ഥാനവും നെതര്‍ലാന്‍ഡ്‌സ് നാലാം സ്ഥാനവും സ്വിറ്റ്സര്‍ലന്‍ഡ് അഞ്ചാം സ്ഥാനവും നേടി. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയും ബ്രസീലുമാണ് ഏറെ പിന്നിലുള്ളത്.

Top