പൗരസ്വാതന്ത്ര്യത്തില്‍ കുറവ്; ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്

ന്യൂഡല്‍ഹി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്ത് സ്ഥാനങ്ങള്‍ പിന്നിലേയ്ക്ക് പോയതായി റിപ്പോര്‍ട്ട്. എക്കണോമിക് ഇന്റലിജന്റ്‌സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 41ല്‍ നിന്ന് 10 സ്ഥാനം നഷ്ടപ്പെടുത്തി റാങ്ക് 51ലെത്തി. രാജ്യത്ത് പൗരസ്വാതന്ത്ര്യത്തില്‍ കുറവുവന്നതാണ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്കു പോകാനിടയാക്കിയ കാരണങ്ങളില്‍ പ്രധാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് സ്ഥാപനമായ ദി എക്കണോമിസ്റ്റിന്റെ ഇന്റലിജന്‍സ് യൂണിറ്റ് ആണ് ആഗോള റാങ്കിങ് ആയ ഡെമോക്രസി ഇന്‍ഡക്സ് പുറത്തുവിടുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, ഗവണ്‍മെന്റ് പ്രവര്‍ത്തനം, രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍, രാഷ്ട്രീയ സംസ്‌കാരം, പൗര സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കുക.

2018ല്‍ 7.23 ആയിരുന്നു ഇന്ത്യയുടെ സ്‌കോറെങ്കില്‍ 2019ല്‍ 6.90 ആയി കുറഞ്ഞു. 10 ആണ് ഏറ്റവും കൂടിയ സ്‌കോര്‍.ഏഷ്യ-ഓസ്‌ട്രേലിയ മേഖലയില്‍ മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിറകില്‍ എട്ടാമതാണ് ഇന്ത്യയുടെ സ്ഥാനം.9.87 സ്‌കോറോടെ നോര്‍വേയാണ് പട്ടികയില്‍ മുന്നില്‍. 1.08 മാര്‍ക്ക് നേടിയ ഉത്തരകൊറിയ പട്ടികയില്‍ അവസാനമാണ്.

പട്ടികയില്‍ അവസാന സ്ഥാനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈന. 153 ആണ് ചൈനയുടെ സ്ഥാനം. റഷ്യ 134-ാം സ്ഥാനത്തും പാകിസ്ഥാന്‍ 108-ാം സ്ഥാനത്തുമാണുള്ളത്. ശ്രീലങ്ക 69-ാം സ്ഥാനത്തും ബംഗ്ലാദേശ് 80-ാം സ്ഥാനത്തുമാണുള്ളത്. ഫ്രാന്‍സി, ചിലി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫുള്‍ ഡെമോക്രസി റാങ്കിലെത്തി.165 രാജ്യങ്ങളും രണ്ട് ഭരണപ്രദേശങ്ങളും അടക്കം 167 ജനാധിപത്യ ഭരണപ്രദേശങ്ങളെയാണ് ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Top