ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റേത്: ഇന്ത്യ

ജനീവ: ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിച്ച പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ. കശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ഉന്നയിച്ച പാക്കിസ്ഥാന്റെ നടപടി ഗൗരവതരമായി കാണുന്നെന്ന് ഇന്ത്യ വ്യക്തമാക്കി.

ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റേതെന്ന് ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ വിമര്‍ശിച്ചു. മറ്റുള്ളവര്‍ക്ക് ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പാക്കിസ്ഥാനെ ഉപദേശിച്ചു.

മനുഷ്യാവകാശ കൗണ്‍സിലിനെയും അതിന്റെ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന നടപടി പാക്കിസ്ഥാന്‍ തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. ദക്ഷിണേഷ്യയില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂട്ടക്കൊലകള്‍ നടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്നിരിക്കെയാണ് അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത തിരോധാനങ്ങള്‍, ഭരണകൂട അതിക്രമങ്ങള്‍, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, സൈനിക പ്രവര്‍ത്തനങ്ങള്‍, പീഡന ക്യാമ്പുകള്‍, തടങ്കല്‍ കേന്ദ്രങ്ങള്‍, തുടങ്ങിയവ ബലൂചിസ്ഥാനില്‍ സാധാരണ സംഭവങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ ഒരുവിധത്തിലുമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. മേഖലയിലെ സമാധാനം നശിപ്പിക്കാന്‍ പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Top