പലസ്തീനെ കൈവിട്ട് ആദ്യമായി ഇന്ത്യ ! പിന്തുണ ഇസ്രയേലിന്

ന്യൂഡല്‍ഹി: യു.എന്നില്‍ ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. പലസ്തീനിലെ മനുഷ്യാവകാശ സംഘടനായ ഷാഹിദിന് നിരീക്ഷണ പദവി നല്‍കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ത്യ ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലാണ് ഇന്ത്യ ഈ നിലപാടെടുത്തത്.

ജൂണ്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ യു.എസ്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, യു.കെ, സൗത്ത് കൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യ ഇസ്രയേല്‍ നിലപാടിന് അനുകൂലമായി വോട്ട് ചെയ്തത്. അതെ സമയം ചൈന, റഷ്യ, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍, പാകിസ്ഥാന്‍, വെനസ്വേല, ബെലാറസ് തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനിയന്‍ സംഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു . ഒടുവില്‍ ഷാഹിദിന് നിരീക്ഷണ പദവി നല്‍കാനുള്ള പ്രേമേയം 14 നെതിരെ 28 വോട്ടുകള്‍ക്ക് പരാജയപ്പെടുകയാണുണ്ടായത് .

ഇതിനുമുന്‍പ് സമാനമായ ഒരു വിഷയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ അതില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. എന്നാല്‍ ഇത്തവണ പരസ്യമായി ഇസ്രയേലിനെ പിന്തുണയ്ക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

പലസ്തീനികളും ഇസ്രയേലികളും രണ്ട് വ്യത്യസ്ത സ്വത്വങ്ങളാണെന്നും ഇരുകൂട്ടര്‍ക്കും വ്യത്യസ്ത രാജ്യങ്ങള്‍ ആവശ്യമാണെന്നുമുള്ള നിലപാടാണ് ഇക്കാലമത്രയും ഇന്ത്യ പുലര്‍ത്തിയത്. ഇസ്രയേലിന്റെ അധിനിവേശ ശ്രമങ്ങളെ എക്കാലത്തും ഇന്ത്യയുടെ നിലപാടുകള്‍ എതിര്‍പക്ഷത്ത് നിര്‍ത്തുകയാണ് ചെയ്തിരുന്നത്.

1948 മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ ഇന്ത്യ ഈ നിലപാടാണ് പിന്‍തുടര്‍ന്ന് പോയത്. പലസ്തീന്‍ എന്ന അറബ് രാജ്യത്തിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും അര്‍ഹിക്കുന്ന ബഹുമാനം നല്‍കിക്കൊണ്ട്, 1948 മേയ് 14ന് ഇസ്രയേല്‍ എന്ന പുതിയ ജൂത രാഷ്ട്രത്തിന്റെ പിറവിയെ ഇന്ത്യ എതിര്‍ക്കുകയായിരുന്നു.

ഇന്ത്യ-ഇസ്രയേല്‍ നിലപാടില്‍ കാര്യമായ മാറ്റം സംഭവിക്കുന്നത് 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. നെഹ്രൂവിയന്‍ കാലത്തെ മൂല്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായ വിടുതലാണ് ബിജെപി സര്‍ക്കാര്‍ പുതിയ നീക്കത്തിലൂടെ നടത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഇസ്രയേല്‍ എംബസ്സിയിലെ ഇന്ത്യന്‍ ദൗത്യ ഉപമേധാവി മായാ കാദോഷ് ഇന്ത്യയുടെ യുഎന്‍ നീക്കത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തു.

Top