അമേരിക്കയോട് ഇന്ത്യ അടുക്കരുത്, മുന്നറിയിപ്പ് നല്‍കി ചൈന രംഗത്ത്

ന്യൂഡല്‍ഹി: ചൈന-യുഎസ് ശത്രുതയില്‍ ഇടപെടാതിരിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്ന് താക്കീതുമായി ചൈനീസ് ഭരണകൂടം. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മില്‍ പുതിയൊരു ശീതയുദ്ധത്തിലേക്ക് പോകുകയാണെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് ഇന്ത്യക്ക് താക്കീതുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പുതിയ ശീതയുദ്ധത്തില്‍ പങ്കുചേരാനും കൂടുതല് നേട്ടമുണ്ടാക്കാനുമായി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഗോബ്ലല്‍ ടൈംസില്‍ വന്ന ലേഖനത്തില്‍ പറയുന്നു. അത്തരം യുക്തിരഹിതമായ ശബ്ദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതല്ലാതെ മറ്റൊന്നിനുമാവില്ല. അത് മുഖ്യധാരാ ശബ്ദങ്ങളെ പ്രതിനിധീകരിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ സ്വാധീനിക്കുകയും ചെയ്യരുത്.

അടിസ്ഥാനപരമായി പറഞ്ഞാല്‍ ഏത് വിഷയത്തിലും യുഎസ്-ചൈന പോരാട്ടത്തില്‍ ഇടപെടുന്നതില്‍ നിന്ന് ഇന്ത്യക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ലെന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ പോരാട്ടത്തില്‍ ഇടപെടുന്നത് ഇന്ത്യക്ക് നേട്ടത്തേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടാകുകയാണ് ചെയ്യുക. അതുകൊണ്ട് മോദി സര്‍ക്കാര്‍ പുതിയ ആഗോള രാഷ്ട്രീയ വികാസത്തെ വസ്തുനിഷ്ഠമായും വിവേകത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന് ലേഖനത്തില്‍ പറയുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരമൊരു ഭീഷണി. ലഡാക്കിലും വടക്കന്‍ സിക്കിമിലും ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ സാധാരണ പട്രോളിങിന് ചൈനീസ് സൈന്യം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളുകയാണ് ഉണ്ടായത്. മോദിയുമായി ഇന്ത്യ-ചൈന തര്‍ക്കവുമായി ബന്ധപ്പെട്ട് സംസാരിച്ചെന്ന ട്രംപിന്റെ അവകാശവാദവും കേന്ദ്രം തള്ളി. നയതന്ത്ര-സൈനിക തലത്തിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും പുറത്തുനിന്നുള്ള ആരുടേയും ഇടപെടല്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top