ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ഷില്ലോംഗ്: പാക്കിസ്ഥാന്‍ സ്വയം മുസ്ലിം രാജ്യമായി പ്രഖ്യാപിച്ചതുപോലെ ഇന്ത്യയും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി ജഡ്ജി എസ് ആര്‍ സെന്‍.

അഭയാര്‍ഥികള്‍ക്ക് താമസ രേഖ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് മേഘാലയ ഹൈക്കോടതി വിവാദ പരാമര്‍ശനം നടത്തിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച കാലത്ത് തന്നെ ഇത് ചെയ്യാമായിരുന്നെന്നും എന്നാല്‍ ഇന്ത്യ മതേതരത്വത്തില്‍ മുറുകെ പിടിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവസരം നല്‍കണമെന്നും പൗരത്വം നല്‍കണമെന്നും മേഖാലയ ഹൈക്കോടതി ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രമായിരുന്ന ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍. അവിടങ്ങളില്‍ നിന്നും വരുന്ന ഹിന്ദു, മുസ്ലിം, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍, ഖാരോസ്, ഖാസി, തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള നിയമനിര്‍മ്മാണം നടത്താനായി പ്രധാനമന്ത്രി, ആഭ്യന്തര-നിയമ മന്ത്രി, എംപിമാര്‍ എന്നിവര്‍ തയ്യാറാകണമെന്നും എസ് ആര്‍ സെന്‍ ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായിരുന്ന ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. മുഗളന്‍മാര്‍ എത്തിയതോടെയാണ് പരിവര്‍ത്തനങ്ങളുണ്ടായത്. പിന്നാലെയെത്തിയ ബ്രിട്ടിഷുകാരടക്കമുള്ളവര്‍ ഹിന്ദുക്കളെയും സിഖുകാരെയും കൊന്നൊടുക്കുകയായിരുന്നു. 1947 ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. മുസ്ലിങ്ങള്‍ക്ക് മാത്രമായി പാക്കിസ്ഥാന്‍ രൂപപ്പെട്ടപ്പോള്‍ ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമാകണമായിരുന്നു.

എന്നാല്‍ മതേതരത്വ സ്വഭാവം കാട്ടാനാണ് തീരുമാനിച്ചത്. ഇങ്ങനെ പറയുന്നത് ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് എതിരായല്ലെന്നും എസ് ആര്‍ സെന്‍ പറഞ്ഞു. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുന്നവരെ എങ്ങനെ നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് അറിയാമെന്നും അദ്ദേഹം വിധിപ്രസ്താവത്തില്‍ കൂട്ടിച്ചേര്‍ത്തു.

Top