കൂടുതൽ കരുത്താർജ്ജിക്കാൻ , ഇന്ത്യയ്ക്കായി വരുന്നു ഇസ്രായേലിന്റെ സ്പൈക്ക് മിസൈലുകള്‍

Spike missiles

ന്യൂഡല്‍ഹി : ആയുധ ശക്തിയില്‍ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ പ്രതിരോധം.
ആറ് എയര്‍ ടു എയര്‍ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള റാഫേല്‍ പോര്‍ വിമാനങ്ങള്‍, ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാന്‍ സാധിക്കും വിധത്തില്‍ കഴിവുള്ള ഇന്ത്യയുടെ സുഖോയ് തുടങ്ങിയവ എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നവയാണ്.

എന്നാല്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും ഉറക്കം കെടുത്താന്‍ ഇസ്രായേലില്‍ നിന്നും അത്യാധുനിക സ്‌പൈക്ക് മിസൈലുകള്‍ വാങ്ങാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം.

ഇതിനായി ഇസ്രയേലില്‍ നിന്നും 4500 സ്‌പൈക്ക് മിസൈലുകളാണ് ഇന്ത്യ വാങ്ങുക. ഇസ്രയേല്‍ പ്രതിരോധ സെക്രട്ടറി ഉദി ആദം ഇന്ത്യയില്‍ എത്തിയാലുടന്‍ 500 മില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിടും. 800 മീറ്റര്‍ മുതല്‍ എട്ട് കി.മീ വരെ ലക്ഷ്യം തൊടുക്കാവുന്ന മിസൈലുകളാണ് സ്‌പൈക്ക്.

missile

ഇസ്രയേലി ഏജന്‍സിയായ റാഫേലില്‍ നിന്നും 8000 സ്‌പൈക്ക് മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ ഉപേക്ഷിച്ചിരുന്നു. പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇന്ത്യ തീരുമാനം പുന:പരിശോധിച്ചത്.

പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് മേജര്‍ ജനറല്‍ (റിട്ട) ഉദി ആദം ഇന്ത്യയിലേക്ക് വരുന്നത്. ജൂലൈ രണ്ടിന് ന്യൂഡല്‍ഹിയില്‍ എത്തുന്ന അദ്ദേഹം പ്രതിരോധ സെക്രട്ടറി സഞ്ജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തും.

missile

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരസ്പരം സഹകരിക്കാനുള്ള തീരുമാനവും ചര്‍ച്ചയില്‍ ഉണ്ടാകും. ഇത് കൂടാതെ വ്യോമ സേനയ്ക്കായി രണ്ട് ഫാല്‍കോണ്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനും ഇന്ത്യയ്ക്ക് ഉദ്ദേശമുണ്ട്. ശത്രുക്കളുടെ പ്രവിശ്യകള്‍ റഡാര്‍ സംവിധാനം വഴി കണ്ടെത്താന്‍ വളരെ വേഗം സാധിക്കുമെന്നതാണ് ഫാല്‍കോണ്‍ എയര്‍ക്രാഫ്റ്റുകളുടെ മേന്മ. നിലവില്‍ ഇന്ത്യയുടെ പക്കല്‍ മൂന്ന് ഫാല്‍കോണ്‍ എയര്‍ക്രാഫ്റ്റുകളാണുള്ളത്.

Top