ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 277 റണ്‍സ് വിജയലക്ഷ്യം; ഷമിക്ക് അഞ്ച് വിക്കറ്റ്

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 277 റണ്‍സ് വിജയലക്ഷ്യം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് തകര്‍ത്തത്. ഓസീസ് 50 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ (52), ജോഷ് ഇന്‍ഗ്ലിസ് (45), സ്റ്റീവന്‍ സ്മിത്ത് (41) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

മോശം തുടക്കമായിരുന്നു ഓസീസിന്. നാലാം പന്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (4) മുഹമ്മദ് ഷമി സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ – സ്മിത്ത് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. വാര്‍ണറെ 15 റണ്‍സില്‍ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ശ്രേയസ് അയ്യര്‍ക്ക് മുതലാക്കാനായില്ല. പിന്നീട് രവീന്ദ്ര ജഡേജയുടെ പന്തില്‍ വാര്‍ണര്‍ മടങ്ങി. വൈകാതെ സ്മിത്തിനെ ഷമി ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 112 റണ്‍സെന്ന നിലയിലായി ഓസീസ്.

പിന്നീട് വന്നവരെല്ലാം ചെറിയ സംഭാവനകള്‍ നല്‍കി. മര്‍നസ് ലബുഷെയ്ന്‍ (39), കാമറൂണ്‍ ഗ്രീന്‍ (31), മാര്‍കസ് സ്റ്റോയിനിസ് (29) എന്നിവരുടെ കരുത്തിലാണ് ഓസീസ് 250 കടന്നത്. ഇതിനിടെ സ്‌റ്റോയിനിസ്, മാത്യൂ ഷോര്‍ട്ട് (2), സീന്‍ അബോട്ട് (2) എന്നിവരെ കൂടി പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. പാറ്റ് കമ്മിന്‍സ് (21) പുറത്താവാതെ നിന്നു. ആഡം സാംപ (2) അവസാന പന്തില്‍ റണ്ണൌട്ടായി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പിന് മുമ്പുള്ള കടുത്ത പരീക്ഷയാണ് ഇരു ടീമുകള്‍ക്കും. ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയാവട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര 3-2ന് പരാജയപ്പെട്ടിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പമ്പരയിലുള്ളത്.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്‌റ്റോയിനിസ്, മാത്യൂ ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, ആഡം സാംപ.

ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി.

Top