പാകിസ്ഥാനെ മറികടക്കാൻ ഇന്ത്യക്ക് 148 റൺസിൻ്റെ വിജയലക്ഷ്യം

ദുബായ്ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.

പവര്‍ പ്ലേയില്‍ ഭുവിയുടെ ആദ്യ ഓവര്‍ തന്നെ സംഭവബഹുലമായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ഭുവി മുഹമ്മദ് റിസ്‌വാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് റി‌സ്‌വാന്‍ രക്ഷപ്പെട്ടു.  അവസാന പന്തില്‍ റിസ്‌വാനെതിരെ ക്യാച്ചിനായുള്ള ഇന്ത്യയുടെ ശക്തമായ അപ്പീല്‍. അമ്പയര്‍ നിരസിച്ചപ്പോള്‍ ഇന്ത്യ റിവ്യു എടുത്തു. എന്നാല്‍ ഇത്തവണയും ഭാഗ്യം റിസ്‌വാന്‍റെ കൂടെയായിരുന്നു.

അര്‍ഷദീപിന്‍റെ രണ്ടാം ഓവറില്‍ എട്ട് റണ്‍സടിച്ച് പാക്കിസ്ഥാന്‍ ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍  മൂന്നാം ഓവറില്‍ ബാബറിനെ അപ്രതീക്ഷിത ബൗണ്‍സറില്‍ അര്‍ഷദീപ് സിംഗിന്‍റെ കൈകളിലെത്തിച്ച് ഭുവി പാക്കിസ്ഥാന്  കനത്ത പ്രഹരമേല്‍പ്പിച്ചു. ആവേശ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്സും ഫോറും പറത്തിയ റിസ്‌വാന്‍ പാക്കിസ്ഥാനെ ടോപ് ഗിയറിലാക്കാന്‍ നോക്കിയെങ്കിലും അഞ്ചാം പന്തില്‍ സമനെ(10) മടക്കി ആവേശ് ആ ആവേശം എറിഞ്ഞുടച്ചു. പവര്‍ പ്ലേയില്‍ രണ്് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍.

Top