പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായമയച്ച് ഇന്ത്യ.32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക.

ഇന്ത്യന്‍ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടണ്‍ സഹായശേഖരങ്ങളാണ് അയച്ചതെന്ന് വിദേശാകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു. പലസ്തീന്‍ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സഹായവസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പലസ്തീനിലേക്കുള്ള ഇന്ത്യയുടെ ആദ്യ സഹായമെത്തിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 22-നായിരുന്നു.

ഗാസയിലേക്ക് നിലവില്‍ സഹായമെത്തിക്കാന്‍ സാധ്യമാവുന്ന ഒരേയൊരു മാര്‍ഗം റഫാ അതിര്‍ത്തിയാണ്. ഇതുതന്നെ പൂര്‍ണതോതില്‍ അനുവദിക്കപ്പെട്ടതല്ല. അല്‍ ആരിഷ് വിമാനത്താവളത്തില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഈജിപ്ത് – ഗാസ അതിര്‍ത്തിയായ റഫാ.ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ പ്രവേശിച്ച് അപ്രതീക്ഷിത ആക്രമണം നടത്തി 1,200-ഓളം പേരെ കൊലപ്പെടുത്തുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ പ്രതിരോധ സേന ശക്തമായി തിരിച്ചടിച്ചു. ഇപ്പോള്‍ സംഘര്‍ഷം ഏഴാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗാസയില്‍ നിലവില്‍ 12,300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ അയ്യായിരത്തോളം പേര്‍ കുഞ്ഞുങ്ങളാണ്. ഇസ്രയേല്‍ പ്രദേശത്തുനിന്ന് ഇപ്പോഴും പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല.

Top