സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച വരുത്തുന്നവരെന്ന് റിപ്പോര്‍ട്ട്

വാഹനയാത്രകളില്‍ ഇന്ത്യക്കാര്‍ സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് 90% പേരും യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാറില്ലെന്നും വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരാണെന്നും നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പഠനത്തില്‍ പറയുന്നു.

യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും വലിയ അലംഭാവമാണ് കണ്ടുവരുന്നതെന്നും, വാഹന ഉപഭോക്താക്കളില്‍ ഭുരിഭാഗവും രാജ്യത്ത് പിന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിയമപ്രകാരം നിര്‍ബന്ധമാണെന്ന് അറിയാത്തവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട് പ്രകാരം പിന്‍ സീറ്റില്‍ ഇരിക്കുന്ന 91.2 ശതമാനം കുട്ടികളും സീറ്റ് ബെല്‍റ്റോ, ചൈല്‍ഡ് സീറ്റോ ഉപയോഗിക്കാറില്ല. ഡല്‍ഹി, മുംബൈ, ബംഗളൂരു, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണ സര്‍വെയില്‍ 98 ശതമാനം പേരും പിന്‍സീറ്റിലെ ബെല്‍റ്റ് ധരിക്കുന്നില്ലെന്ന് കണ്ടെത്തി. 70 ശതമാനം ആളുകളും സീറ്റ് ബെല്‍റ്റിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുമ്പോളും ഉപയോഗം വളരെ കുറവാണ്.

2017ല്‍ മാത്രമായി 9408 കുട്ടികള്‍ റോഡപകടത്തില്‍ മരണപ്പെട്ടെന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ റോഡുകളില്‍ പ്രതിദിനം 26 കുട്ടികള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top