India ‘secures’ release of 4 Indians from Syria: Sushma Swaraj

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളെന്നാരോപിച്ച് സിറിയന്‍ സര്‍ക്കാര്‍ അറസ്റ്റുചെയ്ത നാല് ഇന്ത്യന്‍ പൗരന്‍മാരെ മോചിപ്പിച്ചതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

ജനുവരിയിലാണ് ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ എത്തിയവരാണെന്ന് ആരോപിച്ച് അരുണ്‍ കുമാര്‍,സര്‍വജിത് സിംഗ്, കുല്‍ദീപ് സിംഗ്, യോഗ് സിംഗ് എന്നീ നാല് ഇന്ത്യന്‍ പൗരന്‍മാരെ സിറിയന്‍ ഭരണകൂടം അറസ്റ്റുചെയ്തത്. സിറിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ തടവിലാക്കപ്പെട്ട പൗരന്‍മാരുടെ മോചനത്തെക്കുറിച്ച് താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നതായും അതിനോട് സഹകരിച്ചതില്‍ സന്തോഷമുണ്ടെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

മോചിപ്പിക്കപ്പെട്ടവരെ തന്റെ ട്വീറ്റിലൂടെ സുഷമാ സ്വരാജ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. മതിയായ യാത്രാ രേഖകള്‍ ഇല്ലാതെയാണ് നാല് ഇന്ത്യന്‍ പൗരന്‍മാരും സിറിയയില്‍ പ്രവേശിച്ചത്. എല്ലാവരും തന്നെ ജോലി അന്വേഷിച്ച് സിറിയയില്‍ എത്തിയവരാണ്. ജോര്‍ദാനില്‍ നിന്നും ലബനോനിലേക്ക് യാത്രചെയ്യുന്നതിനിടെ നാല് പേരും സിറിയന്‍ പോലീസിന്റെ പിടിയിലാകുകയായിരുന്നു.

Top