20,000 കോടി വിലമതിക്കുന്ന വിമാനങ്ങള്‍ക്കായി കരാറൊപ്പിട്ട് ഇന്ത്യ; കയ്യടിച്ച് രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി: സ്‌പെയിന്‍ എയര്‍ബസ് ഡിഫെന്‍സ് ആന്‍ഡ് സ്‌പേസില്‍ നിന്ന് 20,000 കോടി രൂപയോളം ചെലവഴിച്ച് ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനയുടെ അവ്‌രോ 748 വിമാനങ്ങള്‍ക്കു പകരമായി 56 സി 295 എംഡബ്ല്യു വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. ഇതിനായി പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടു. കരാര്‍ പ്രകാരം 48 മാസത്തിനുള്ളില്‍ 16 വിമാനങ്ങളാണ് ഇന്ത്യയ്ക്കു ലഭിക്കുക. അഞ്ച് മുതല്‍ 10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള സി 295 എംഡബ്ല്യു വിമാനങ്ങളില്‍ നിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്.

മാത്രമല്ല, സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യയനുസരിച്ച് ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വര്‍ഷത്തില്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മിക്കുക. കരാറിന് സെപ്റ്റംബര്‍ ആദ്യവാരം കേന്ദ്ര കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.

എയര്‍ബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് 2015 മേയില്‍ ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു. എയര്‍ബസ് ഡിഫന്‍സിനെയും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും പ്രതിരോധ മന്ത്രാലയത്തിനെയും ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അഭിനന്ദിച്ചു. ഇന്ത്യയില്‍ വ്യോമയാന മേഖലയിലെ പദ്ധതികള്‍ക്കു വാതില്‍തുറക്കുന്നതാകും നീക്കമെന്നും രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു.

1960 കളിലാണു ഇന്ത്യന്‍ വ്യോമസേന 56 അവ്‌രോ വിമാനങ്ങള്‍ സ്വന്തമാക്കിയത്. 2013 മേയിലാണു പുതിയ വിമാനങ്ങള്‍ക്കായി കേന്ദ്രം നീക്കം നടത്തിയത്.

Top