വിമാനത്തെ പോലും വെല്ലുന്ന സവിശേഷത! ഏറ്റവും വില കൂടിയ കാര്‍ ഇനി ഈ ഇന്ത്യക്കാരന് സ്വന്തം

വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ സുരക്ഷ മാത്രമല്ല വാഹനം കണ്ടാല്‍ റോയല്‍ ലുക്ക് ഉണ്ടോ എന്നും പലരും നോക്കാറുണ്ട്. ചിലര്‍ക്കാകട്ടെ വാഹനങ്ങളോട് ഭ്രമമായിരിക്കും അതിനാല്‍ എത്ര വില കൊടുത്തും അവര്‍ വാഹനങ്ങള്‍ വാങ്ങും.

രാജ്യത്തെ ഏറ്റവും വില കൂടിയ കാറ് സ്വന്തമാക്കിയിരിക്കുകയാണ് കര്‍ണാടകയിലെ ഒരു വ്യവസായി. ബെന്റ്ലി മുള്‍സാന്‍ എക്സ്ടെന്റഡ് വീല്‍ ബേസ് പതിപ്പാണ് വ്യവസായിയായ വി.എസ്. റെഡ്ഢി സ്വന്തമാക്കിയത്. വാഹനത്തിന് 9.5 കോടി രൂപയാണ് എക്സ്ഷോറൂം വില. ബ്രിട്ടീഷ് ബയോളജിക്കല്‍സ് എന്ന വ്യവസായ സംരംഭത്തിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് ഈ വി.എസ് റെഡ്ഢി. മുള്‍സാന്റെ ഇന്ത്യയിലെ ആദ്യ എക്സ്ടെന്റഡ് വീല്‍ ബേസ് പതിപ്പാണിതെന്നാണ് സൂചനകള്‍.

വാഹനത്തിന്റെ സവിശേഷതകള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടി പോകും. കാല് നിവര്‍ത്തി വയ്ക്കാന്‍ പാകത്തിനുള്ള സ്ഥല സൗകര്യം ഈ വാഹനത്തിനുണ്ട്. മാത്രമല്ല വിമാനത്തിലേതുപോലുള്ള ഇലക്ട്രോണിക് ലെഗ് റെസ്റ്റുകളും ഇതില്‍ പിന്‍സീറ്റുകളിലെ ആകര്‍ഷണമാണ്. വാഹനത്തിലെ സീറ്റുകളാകട്ടെ രാജകീയ കിടക്കയ്ക്ക് സമാനമാണ്. തീയറ്റര്‍ സീറ്റുകളാണ് പിന്‍നിരയിലുള്ളത്.

ഇതിനൊപ്പം പിന്നില്‍ തന്നെ 10.4 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും 14 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ടിന്റഡ് ഗ്ലാസ് പാനലിലുള്ള സണ്‍ റൂഫാണ് ഈ വാഹനത്തിന് കൂടുതല്‍ ആഡംബര ഭാവം ഒരുക്കുന്നത്. ബോണറ്റില്‍ നിന്ന് റൂഫിലേക്ക് നീളുന്ന റോസ് ഗോള്‍ഡ് നിറത്തിനൊപ്പം ഗ്രേ നിറത്തിലുള്ള ബോഡിയുമാണ് കര്‍ണാടകയിലെത്തിയ മുള്‍സാനിനുള്ളത്. 5.6 മീറ്റര്‍ നീളമുള്ള ഈ വാഹനത്തില്‍ 6.8 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്.

Top