ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം

ന്യൂഡൽഹി : ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്‍ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ വേദനിപ്പിച്ചെന്നും രാജ്യാന്തര വേദികളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാനെടുത്തതു പോലുള്ള കടുത്ത തീരുമാനങ്ങളിൽനിന്ന് താരങ്ങൾ പിന്മാറണമെന്നും ഇവർ പറ‍ഞ്ഞു. ദേശീയ വാർത്ത ഏജൻസിയായ പിടിഐയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ക്രിക്കറ്റ് താരങ്ങൾ ഇപ്രകാരം അറിയിച്ചത്.

‘നമ്മുടെ ചാംപ്യന്മാരായ ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ഏറെ വിഷമമുണ്ടാക്കി. വളരെയധികം കഷ്ടപ്പെട്ട് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള അവരുടെ തീരുമാനവും ഞങ്ങളെ ആശങ്കയിലാഴ്ത്തി. വർഷങ്ങളുടെ പരിശ്രമവു ത്യാഗവും ദൃഢനിശ്ചയവും മനക്കരുത്തും എല്ലാം ഈ നേട്ടത്തിന് പിന്നിലുണ്ട്. അവരുടെ മാത്രമല്ല രാജ്യത്തിന്റെ ആകെ അഭിമാനവും ആഹ്ലാദവുമാണ് ഈ നേട്ടങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് താരങ്ങളോട് ആവശ്യപ്പെടുകയാണ്.

അതുപോലെ അവരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും വിഷമങ്ങൾക്കും എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമം നടപ്പിലാകട്ടെ’– പ്രസ്താവനയിൽ ക്രിക്കറ്റ് താരങ്ങൾ ചൂണ്ടിക്കാട്ടി. 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവ്, ടീമിലെ അംഗങ്ങളായ സുനിൽ ഗവാസ്കർ, മോഹീന്ദൻ അമർനാഥ്, കെ.ശ്രീകാന്ത്, സയിദ് കിർമാണി, കീർത്തി ആസാദ്, റോജർ ബിന്നി എന്നിവരാണ് പ്രസ്താവനയിറക്കിയത്.

ഗുസ്തി താരങ്ങൾക്കു വേണ്ടി രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ സംസാരിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ഇന്നലെ രംഗത്തുവന്നിരുന്നു. മുംബൈയിൽ സച്ചിന്റെ വസതിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫ്ലെക്സ് സ്ഥാപിക്കുകയും ചെയ്തു. കായികലോകത്ത് നിങ്ങളാണ് ദൈവമാണെന്നും എന്നാൽ വനിതാ താരങ്ങൾ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയെന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു വനിതാ താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രിൽ 23നു താരങ്ങൾ ജന്തർമന്തറിൽ സമരം ആരംഭിക്കുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസിൽ ബ്രിജ്ഭൂഷനെയും റെസ്‌ലിങ് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും പ്രതിചേർത്തിട്ടുണ്ട്.

ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്വാസപരിശോധനയുടെ പേരിൽ വനിതാ താരങ്ങളുടെ ടി ഷർട്ട് മാറ്റി ശരീരത്തിൽ അപമര്യാദയോടെ തൊട്ടു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി, സ്വകാര്യവിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ സംഭവിച്ച പരുക്കുകൾക്കു റെസ്‌ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ എഫ്ഐആറിൽ ഉള്ളതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം, തങ്ങൾക്കു കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തിയിരുന്നു. എന്നാൽ കർഷക നേതാക്കൾ പിന്തിരിപ്പിച്ചതിനെ തുടർന്നു താരങ്ങൾ പിന്മാറുകയായിരുന്നു. താരങ്ങളുടെ കയ്യിൽനിന്നു മെഡലുകൾ ഏറ്റുവാങ്ങിയ കർഷകനേതാവും ഖാപ്പ് പഞ്ചായത്ത് തലവനുമായ നരേഷ് ടിക്കായത്ത് 5 ദിവസത്തെ സാവകാശം തേടി.

Top