റഷ്യയ്ക്ക് കൈ കൊടുത്ത് ഇന്ത്യ; സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും. റഷ്യയുടെ എ കെ 203 അസാള്‍ട്ട് റൈഫിള്‍ യുപിയിലെ അമേഠിയില്‍ നിര്‍മ്മിക്കാന്‍ ധാരണയായി. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന കരാറാണിതെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

5200 കോടി രൂപയുടെ നിര്‍ണ്ണായക കരാറില്‍ ഒപ്പുവച്ചത് ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാരാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായിയാണ് കരാര്‍.

ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും.

കഴിഞ്ഞ ദിവസമാണ് എ.കെ-203 തോക്കുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. അഞ്ച് ലക്ഷം എ.കെ-203 തോക്കുകള്‍ നിര്‍മ്മിക്കാനുളള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.

എ.കെ 47 തോക്കിന്റെ ഏറ്റവും പുതിയ പതിപ്പാണ് എ.കെ 203 തോക്കുകള്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Top