റഷ്യ – ഇന്ത്യ ബന്ധം വളരെ ശക്തം; ഒടുവിൽ സമ്മതിച്ച് അമേരിക്കയും

ന്ത്യയും റഷ്യയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തെ വേഗത്തിൽ തകർക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ചൊവ്വാഴ്ച നടന്ന ഒരു ബ്രീഫിംഗിലായിരുന്നു പ്രതികരണം.അമേരിക്ക, ഇന്ത്യ, ഓസ്ട്രിയ, ജപ്പാൻ രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടിയായ ‘ക്വാഡിൽ’ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യയെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.

ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള അമേരിക്കൻ ചേരിയുടെ നീക്കം പരാജയപ്പെട്ടതോടെയാണ്, പ്രീണന നയതന്ത്രവുമായി അമേരിക്ക ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ, അതിലും ഇന്ത്യ വീണിട്ടില്ലന്നതാണ് യാഥാർത്ഥ്യം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം തകർക്കാൻ കഴിയില്ലന്നത് വൈകിയാണെങ്കിലും അമേരിക്കയും തിരിച്ചറിഞ്ഞു കഴിഞ്ഞു.

“പതിറ്റാണ്ടുകളായി  റഷ്യയുമായി ഇന്ത്യയ്ക്ക് അടുത്ത ബന്ധമുണ്ട്,” ഉക്രെയ്നിലെ സംഘർഷം മൂന്ന് മാസമായാണ് തുടരുന്നത് ” അതിനാൽ തന്നെ ഇന്ത്യൻ നിലപാട് മാറ്റം അമേരിക്ക പ്രതീക്ഷിക്കുന്നില്ലന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറയുന്നത്.റഷ്യയുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നതും അമേരിക്ക സമ്മതിച്ചിട്ടുണ്ട്.

വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കി ഇന്ത്യയുടെ പ്രധാന പങ്കാളിയാകാനാണ് അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നത്. സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സുരക്ഷ എന്നിവയിൽ ആ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം. അമേരിക്കൻ പ്രതികരണത്തിലും അത് വ്യക്തമാണ്.

ഫെബ്രുവരി അവസാനം ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിന് റഷ്യയെ അപലപിക്കാൻ ഇന്ത്യ വിമുഖത കാണിക്കുകയും, മോസ്കോയ്ക്കെതിരായ അന്താരാഷ്ട്ര ഉപരോധത്തിൽ ചേരാനുള്ള അമേരിക്കൻ ആവശ്യത്തെ തള്ളിക്കളയുകയും ചെയ്തിരുന്നു. മാത്രമല്ല, ഈ സംഘർഷത്തിനിടെയിലും ഇന്ത്യ റഷ്യൻ എണ്ണ റെക്കോർഡ് അളവിലാണ് വാങ്ങിക്കൂട്ടി കൊണ്ടിരുന്നത്.

ഇന്ത്യയും റഷ്യയും തങ്ങളുടെ ബന്ധത്തെ, “പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം” എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറുള്ളത്. ആ ബന്ധങ്ങളിൽ സാമ്പത്തികവും രാഷ്ട്രീയവും മാത്രമല്ല, സുരക്ഷയും പ്രധാനമായും ഉൾപ്പെടുന്നുണ്ട്, അമേരിക്കയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ 85% ആയുധ സംവിധാനങ്ങളും റഷ്യൻ അല്ലെങ്കിൽ സോവിയറ്റ് നിർമ്മിതമാണ്. അതു തന്നെയാണ് പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ കരുത്തും. ലോകത്തെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ S400 ട്രയംഫിന്റെ ആധുനിക മോഡലാണ് ഇന്ത്യക്ക് റഷ്യ നൽകിയിരിക്കുന്നത്. ഈ ഇടപാട് ഇനിയും പൂർത്തിയാകാനുണ്ട്. അമേരിക്കയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ട്രയംഫ് ഇടപാടുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്.

Top