ഇന്ത്യ-റഷ്യ കൂടിക്കാഴ്ച; പ്രതിരോധ, വ്യാപാര മേഖലകളിലായി 10 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: ആയുധ വ്യാപരമേഖലകളിലടക്കം പത്ത് സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. ദില്ലിയില്‍ നടന്ന വ്‌ലാദിമര്‍ പുടിന്‍ നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ അഫ്ഗാനിസ്ഥാനും കൊവിഡും പ്രധാന ചര്‍ച്ചാ വിഷയങ്ങളായി. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ ആശങ്കയറിയിച്ചു. കൊവിഡ് പോരാട്ടത്തില്‍ റഷ്യയുടെ സഹകരണം ഇന്ത്യക്ക് ശക്തിയായെന്ന് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിന് ശേഷം ഇരു നേതാക്കളും കണ്ടുമുട്ടിയപ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ മുതല്‍ കൊവിഡ് പ്രതിരോധം വരെയുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. തീവ്രവാദം എക്കാലത്തെയും ആശങ്കയാണന്ന് അഫ്ഗാനിലെ സാഹചര്യം ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും തടയപ്പടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പാക് തീവ്രവാദത്തെ കൂടിക്കാഴ്ചയില്‍ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തീവ്രവാദത്തിനെതിരായ നീക്കത്തില്‍ റഷ്യയുടെ പിന്തുണ തേടി. കൊവിഡ് പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയില്‍ മോദി നന്ദിയറിയിച്ചു.

ആറുലക്ഷത്തില്‍ അധികം എകെ 203 തോക്കുകള്‍ വാങ്ങുന്നതിനുള്ളതടക്കം സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവച്ചു. കലാശ്‌നിക്കോവ് സീരിസിലെ തോക്കുകള്‍ കൈമാറാനുള്ള കരാറില്‍ ഭേദഗതി വരുത്താനും തീരുമാനമായി. സൈനിക സഹകരണ ഉടമ്പടി 2031 വരെ നീട്ടിയ കരാറിലും രാജ്യങ്ങള്‍ ഒപ്പുവെച്ചു.

 

Top