അമേരിക്കയുടെ ആ നീക്കവും ‘പാളി’ റഷ്യയുമായി റൂബിൾ ഇടപാടിന് ഇന്ത്യ !

മോസ്കോ: റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിൽ നേരിട്ടുള്ള രൂപ-റൂബിൾ പേയ്‌മെന്റുകൾ അനുവദിക്കുന്ന സംവിധാനം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ (എഫ്‌ഐഇഒ) പ്രസിഡന്റ് എ ശക്തിവേലിന്റെ പ്രതികരണം ചൂണ്ടിക്കാട്ടി പ്രമുഖ റഷ്യൻ മാധ്യമമായ റഷ്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎസ് ഡോളറിനെ മറികടന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയെയും റഷ്യയെയും അനുവദിക്കുന്നതാണ് പുതിയ ക്രമീകരണം. ഉക്രെയ്നിലെ സംഘർഷത്തെച്ചൊല്ലി പാശ്ചാത്യ ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു പരിധിവരെ ഇതോടെ റഷ്യക്ക് കഴിയും. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ഒപ്പം ഉണ്ട് എന്നത് തന്നെയാണ് റഷ്യക്ക് വലിയ ആശ്വാസം പകരുന്നത്. അമേരിക്കയെയും യൂറോപ്യൻ യൂണിയനെയും വെട്ടിലാക്കുന്ന ബന്ധമാണിത്.ചൈനയുമായി കടുത്ത എതിർപ്പ് നിലനിർത്തി കൊണ്ടു തന്നെയാണ് ഇന്ത്യ, റഷ്യയെ നിർണ്ണായക ഘട്ടത്തിൽ സഹായിക്കുന്നത്.

റഷ്യയുമായുള്ള ഇടപാട് സുഗമമാക്കാൻ, അഞ്ച് ദേശസാൽകൃത ഇന്ത്യൻ ബാങ്കുകളെ രൂപ-റൂബിൾ വ്യാപാര സംവിധാനത്തിൽ ഏർപ്പെടാൻ അനുവദിക്കുന്നതിനായി ഇന്ത്യൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും, ഈ വിഷയത്തിൽ സെൻട്രൽ ബാങ്ക് ഗവർണറും ധനമന്ത്രിയും ബാങ്കുകളും തമ്മിലുള്ള ചർച്ചകൾ വഴിതിരിവിലാണ് എന്നുമാണ് റഷ്യ ടുഡേ റിപ്പോർട്ടിൽ പറയുന്നത്.

സ്വിഫ്റ്റ് പോലുള്ള രാജ്യാന്തര പേയ്‌മെന്റ് സംവിധാനങ്ങൾ നിരോധിച്ചെങ്കിലും, ഇന്ത്യൻ കയറ്റുമതിക്കാർക്ക് റഷ്യയുമായി വ്യാപാരം തുടരാൻ ഈ ക്രമീകരണം വഴി എളുപ്പത്തിൽ സാധിക്കും. റഷ്യയുടെ ഊർജ കയറ്റുമതി ഉൾപ്പെടെയുള്ളവ വാങ്ങുന്നത് തുടരാനും ഈ സംവിധാനം ഗുണം ചെയ്യും.

ഇന്ത്യൻ കയറ്റുമതിക്കാർക്ക് റഷ്യൻ വിപണി വിപുലീകരിക്കാൻ അവസരം നൽകുന്നതിനാൽ, റഷ്യ നേരിടുന്ന ഉപരോധങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ശക്തിവേൽ വ്യക്തമാക്കിയിരിക്കുന്നത്.

“റഷ്യയിലേക്കുള്ള കയറ്റുമതി നിലവിൽ വലിയ അളവിലില്ല, കാർഷിക, ഫാർമസി ഉൽപ്പന്നങ്ങളിൽ മാത്രമാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ മുഴുവൻ റഷ്യയെ നിരോധിക്കുന്നതിനാൽ, ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും”അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയുടെ ധനമന്ത്രാലയവും റിസർവ് ബാങ്കും പുതിയ വ്യാപാര ക്രമീകരണത്തെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. റഷ്യ ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും അവഗണിക്കാൻ കഴിയാത്ത ശക്തിയാണെന്ന വസ്തുതയാണ്, അമേരിക്കക്കു മുന്നിലും ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സൈനിക ഉപകരണകളിൽ 70 ശതമാനവും റഷ്യയുടേതാണ്. ആ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധവും അതിശക്തമാണ്. ഇന്ത്യൻ നിലപാടിൽ കടുത്ത അതൃപ്തി ഉണ്ടെങ്കിലും ഇന്ത്യക്കെതിരെ ഉപരോധത്തിന് നാറ്റോയും യൂറോപ്യൻ രാജ്യങ്ങളും മടിക്കുന്നതും ഈ ബന്ധത്തിന്റെ ആഴം അറിയുന്നതു കൊണ്ടാണ്.

അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും യൂറോപ്യൻ യൂണിയന്റെയും എല്ലാം നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാടാണ്, യുക്രെയിൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. യുക്രെയ്‌നിലെ സൈനിക നടപടിയുടെ പേരിൽ ഇന്ത്യ ഇതുവരെ റഷ്യയെ വിമർശിച്ചിട്ടില്ല, കൂടാതെ അടുത്തിടെ നടന്ന യുഎൻ വോട്ടിംങ്ങിൽ റഷ്യയെ അപലപിക്കുന്നതിൽ നിന്നും ഇന്ത്യൻ പ്രതിനിധി വിട്ടുനിൽക്കുന്ന സാഹചര്യവുമുണ്ടായി. ഇതും അമേരിക്കയെ ചൊടിപ്പിച്ച സംഭവമാണ്.

റഷ്യയുമായുള്ള തുടർച്ചയായ വാണിജ്യ ഇടപാടുകൾ പാശ്ചാത്യരോഷത്തിന് ഇടയാക്കിയാലും പ്രശ്നമില്ലന്ന നിലപാടിലാണിപ്പോൾ ഇന്ത്യ മുന്നോട്ട് പോകുന്നത്. റഷ്യൻ ഭരണകൂടത്തെ പോലും അത്ഭുതപ്പെടുത്തുന്ന നിലപാടാണിത്.

putinn modiiഇന്ത്യ 2021-ൽ റഷ്യയിലേക്ക് $3.3 ബില്യൺ മൂല്യമുള്ള സാധനങ്ങളാണ് കയറ്റുമതി ചെയ്തിരുന്നത്.ഇതിൽ കൂടുതലും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ചായ, കാപ്പി എന്നിവയാണ്. ഇറക്കുമതിയുടെ കാര്യത്തിലാണെങ്കിൽ, ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ധാതു വിഭവങ്ങളും രാസവളങ്ങളും ലോഹങ്ങളും വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും ഉൾപ്പെടെ, 6.9 ബില്യൺ ഡോളറിന്റെ റഷ്യൻ ഉൽപ്പന്നങ്ങളാണ് ഇന്ത്യ വാങ്ങിയിരുന്നത്. റഷ്യൻ എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അതു വളരെ കുറഞ്ഞ തോതിലായിരുന്നു.എന്നാൽ, പുതിയ സാഹചര്യത്തിൽ വൻ തോതിലുള്ള എണ്ണ ഇറക്കുമതിക്കാണ് ഇന്ത്യ തയ്യാറായിരിക്കുന്നത്. രാജ്യത്തെ പ്രധാന റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ ഒരു മാസമായി റഷ്യൻ ക്രൂഡ് വാങ്ങുന്നത് വലിയ രൂപത്തിലാണ് വർധിപ്പിച്ചിട്ടുള്ളത്.

ചരക്കുകളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാസവള നിർമ്മാണത്തിനായി റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്ന കാര്യവും, ഇന്ത്യയുടെ സജീവ പരിഗണയിലാണുള്ളത് എന്നും റഷ്യ ടുഡേ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Top