India-Russia defence deals: Six things India got from Russia

ഗോവ: പാക്-ചൈന കൂട്ടുകെട്ടിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യയുടെ നയതന്ത്ര മുന്നേറ്റം. ലോക ശക്തികളില്‍ ഒന്നാമനായ അമേരിക്കയെ ഭീകരതക്കെതിരായ പോരാട്ടത്തിന് ഒപ്പം നിര്‍ത്തിയ ഇന്ത്യ ഇപ്പോള്‍ വന്‍ ശക്തിയായ റഷ്യയെയും ഒപ്പം നിര്‍ത്തിയിരിക്കുകയാണ്.

പ്രതിരോധ മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴി ഒരുക്കുന്ന നിര്‍ണ്ണായക കരാറുകള്‍ക്കാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചിരിക്കുന്നത്.

സാമ്പത്തിക-പ്രതിരോധ മേഖലകളില്‍ കരുത്ത് പകരുന്ന 16 കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പ് വച്ചത്. പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ കൈമാറാനുള്ള 39,000 കോടിയുടെ കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്.

വ്യോമ പ്രതിരോധ മേഖലയില്‍ റഷ്യയുടെ ഏറ്റവും പുതിയ പ്രതിരോധ സംവിധാനമായ ‘എസ്400 ട്രയംഫ്’ഇന്ത്യക്ക് കൈമാറുന്നതടക്കമുള്ളതാണ് കരാര്‍.
ലോകത്തിലെ ഏറ്റവും ആധുനികമായ വ്യോമ പ്രതിരോധ സംവിധാനമായാണ് എസ് 400 വിലയിരുത്തപ്പെടുന്നത്. 400 കി.മീ ചുറ്റളവില്‍ വായുവിലൂടെ വരുന്ന ഏത് ആക്രമണത്തേയും ഇതിന് പ്രതിരോധിക്കാന്‍ കഴിയും.

കൂടാതെ കപ്പല്‍ നിര്‍മ്മാണത്തിലും ആന്ധ്രാപ്രദേശില്‍ വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനും റഷ്യയുടെ സഹകരണം ലഭിക്കും. വിദ്യാഭ്യാസം,ഊര്‍ജ്ജം,ബഹിരാകാശ ഗവേഷണം, റെയില്‍വേ മേഖല,ഇന്‍ഫ്ര ഡെവലപ്‌മെന്റ് എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്.

ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ചേരുമെന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രഖ്യാപനം പാക്കിസ്ഥാനെ സംബന്ധിച്ച് വന്‍ പ്രഹരമാണ്.

അമേരിക്കയുടെ ഇന്ത്യന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് അസ്തമിക്കുന്ന ശക്തിയാണ് അമേരിക്കയെന്ന് ആക്ഷേപിക്കുകയും ചൈനയെയും റഷ്യയെയും പുകഴ്ത്തുകയും ചെയ്ത പാക്കിസ്ഥാന്റെ സകല കണക്ക്കൂട്ടലുകളും ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് തന്നെ തകര്‍ത്തിരിക്കുകയാണ്.

ഉറി ആക്രമണത്തിന് അതിര്‍ത്തി രേഖ കടന്ന് ഇന്ത്യ പാക് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തില്‍ അവിടെ പാക് സൈന്യവുമായി ചേര്‍ന്ന് റഷ്യ സൈനികാഭ്യാസം നടത്തിയത് ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു.

നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് പറ്റിയ ഒരു പാളിച്ചയായിരുന്നു ഈ സംയുക്ത പരിശീലനത്തിനിടയാക്കിയതെന്ന വിമര്‍ശനവും ശക്തമായിരുന്നു.

ഇന്ത്യയുടെ അമേരിക്കന്‍ അടുപ്പമാണ് റഷ്യയെ ചൊടിപ്പിച്ചിരുന്നതത്രെ.

കാര്യങ്ങള്‍ എന്തായാലും ഇപ്പോള്‍ ഇരുരാജ്യങ്ങളും പഴയ അടുപ്പത്തിലേക്ക് വന്നുവെന്നതാണ് റഷ്യന്‍ പ്രസിഡന്റിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുന്നത്.

റഷ്യയില്‍ നിന്ന് വാതക പൈപ്പ് ലൈനുകള്‍ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.

പാക്കിസ്ഥാനിലൂടെ സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് റഷ്യയുമായുള്ള സഹകരണത്തെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഒരേ സമയം പരസ്പരം മത്സരിക്കുന്ന രണ്ട് ലോകശക്തികളായ അമേരിക്കയെയും റഷ്യയെയും കൂടെ നിര്‍ത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പാക് ഭീകരരെ ഉന്മൂലനം ചെയ്യുക,കാശ്മീരില്‍ ശാശ്വത പരിഹാരം, ബലൂചിസ്ഥാന്റെ സ്വതന്ത്ര്യം എന്നിവയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി റഷ്യ,അമേരിക്ക,ഫ്രാന്‍സ്,ജപ്പാന്‍,ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ റഷ്യയുമായുള്ള കരാര്‍.

Top