India rubbishes Pak media report on Pathankot attack

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാനെത്തിയ പാക്ക് സംയുക്ത അന്വേഷണ സംഘം വീണ്ടും ഇന്ത്യയ്‌ക്കെതിരെ രംഗത്ത്.

ആക്രമണത്തിന് സാക്ഷികളായ ഇന്ത്യന്‍ സുരക്ഷാസേനയിലെ അംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഇന്ത്യ അനുവദിച്ചില്ല എന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയം പറയുന്നത്. ആദ്യമായാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഒരു പ്രസ്താവന നടത്തുന്നത്.

‘സംയുക്ത അന്വേഷണ സംഘം സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചില സാക്ഷികളില്‍ നിന്നു മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, ഇന്ത്യന്‍ സൈന്യത്തിലുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിച്ചിരുന്നില്ല. പാക്കിസ്ഥാനിലെ അന്വേഷണങ്ങള്‍ എന്‍ഐഎയ്ക്ക് മുന്നില്‍ വിവരിച്ചു. മറ്റ് അന്വേഷണം തുടരുകയാണ്’പാക്ക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യതന്നെ ആസൂത്രണം ചെയ്തതാണെന്നാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെത്തി അന്വേഷണം നടത്തിയ സംയുക്ത സംഘത്തെ ഉദ്ധരിച്ചാണ് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. പാക്കിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘത്തിന് (ജെഐടി) പഠാന്‍കോട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. എന്നാല്‍ തെളിവൊന്നും നല്‍കിയില്ലെന്നും ശേഖരിക്കാന്‍ അവസരം കിട്ടിയില്ലെന്നും സംഘം പിന്നീടു പറഞ്ഞിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആ രാജ്യത്തിന്റെ ഇരട്ടത്താപ്പാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

Top