India revives project to acquire Japanese US-2i amphibious aircraft worth Rs 10,000 crore

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്തെ വമ്പന്‍ ഇടപാടിന് ഇന്ത്യയും ജപ്പാനും തയ്യാറെടുക്കുന്നു. ഏകദേശം 10,000 കോടിയുടെ പ്രതിരോധ ഇടപാടിനാണ് ഇരുരാജ്യങ്ങളും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ജപ്പാനില്‍ നിന്ന് 12 ആംഫിബിയസ് എയര്‍ക്രാഫിറ്റായ യു.എസ് 2ഐ വാങ്ങാനാണ് ഇന്ത്യ ശ്രമം തുടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാവിക സേനയ്ക്കും തീര സംരക്ഷണ സേനയ്ക്കും വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. തിങ്കളാഴ്ച ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വിമാനങ്ങള്‍ വാങ്ങാന്‍ അംഗീകാരം നല്‍കും.

വില സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കരാര്‍ പ്രതിസന്ധിയിലായത്. ഇപ്പോള്‍, വിലയില്‍ വിട്ടുവീഴ്ചയ്ക്ക് ജപ്പാന്‍ തയ്യാറായതാണ് കരാറിന് പുനര്‍ജീവനേകിയത്.

നാല് വലിയ ടര്‍ബോ പ്രൊപ്പല്ലറാണ് യു.എസ് 2ഐക്കുള്ളത്. കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നവയാണ് ഇവ.

വളരെ കുറഞ്ഞ സമയം കൊണ്ട് പറന്നുയരാന്‍ സാധിക്കുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര ഘട്ടങ്ങളില്‍ സൈനിക നീക്കത്തിനും ഇത്തരം യു.എസ് 2ഐ വിമാനത്തിനെ ഉപയോഗിക്കാന്‍ സാധിക്കും. ജപ്പാന്‍ 50 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു രാജ്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത്.

ഉയര്‍ന്ന നിര്‍മാണ ചിലവ് മൂലം യു.എസ് 2ഐ വിമാനങ്ങളുടെ നിര്‍മാണം ജപ്പാന്‍ 2013 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് ഇവ നല്‍കുക. മാത്രമല്ല ജപ്പാനുമായി സിവില്‍ ആണവകരാറും മോദി ഒപ്പിട്ടേക്കുമെന്നാണ് സൂചന.

Top