ബിന്‍ലാദനെ പോലും ന്യായീകരിക്കും, ഭീകരര്‍ക്ക് പെന്‍ഷന്‍; പാക്കിസ്ഥാനെതിരെ ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ വീണ്ടും കശ്മിര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. പാക്കിസ്ഥാന്‍ ഇപ്പോഴും യു.എന്‍ ആഗോളഭീകരരായി പ്രഖ്യാപിച്ചവര്‍ക്ക് പെന്‍ഷന്‍ കൊടുത്തുവരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ ഫസ്റ്റ് സെക്രട്ടറി വിധിഷ മൈത്ര പറഞ്ഞു. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യ തുറന്നടിച്ചു. യു.എന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ പാക്കിസ്ഥാന്‍ സ്വന്തം മണ്ണില്‍ നിന്ന് പുറത്താക്കുമോയെന്നും വിധിഷ ചോദിച്ചു.

യു.എന്നിന്റെ 74ാമത് സമ്മേളനത്തില്‍ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലാണ് കശ്മീര്‍ വിഷയം ഇംറാന്‍ ഖാന്‍ പരാമര്‍ശിച്ചത്. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ഇംറാന്‍ ആരോപിച്ചു. കശ്മിരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും വിഷയത്തില്‍ യു.എന്‍ അടിയന്തരമായി ഇടപെടണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന് വിധിഷ മറുപടി നല്‍കിയത്.

അല്‍ഖ്വയിദാ നേതാവ് ഉസാമാ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാനെന്ന് വിധിഷ ആരോപിച്ചു. യു.എന്‍ ആഗോളഭീകരരായി പ്രഖ്യാപിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്‍. കശ്മിരിലേക്ക് പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ അയക്കുമ്പോള്‍ ഇന്ത്യ അവിടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും വിധിഷ പറഞ്ഞു.

തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാക്കിസ്ഥാന് ഒരു അര്‍ഹതയുമില്ല. യു.എന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും വിധിഷ ആഞ്ഞടിച്ചു.

അതേസമയം, ആണവ ശക്തികളായ രണ്ട് അയല്‍ക്കാരുടെ പോരാട്ടത്തിന്റെ പരിണിതഫലങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് പ്രതിഫലിക്കുമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പരമ്പരാഗത യുദ്ധം ആരംഭിക്കുകയാണെങ്കില്‍ എന്തും സംഭവിക്കാം. എന്നാല്‍ അയല്‍രാജ്യത്തെക്കാള്‍ ഏഴ് മടങ്ങ് ചെറുതായ രാജ്യമാണ് ഇത് അഭിമുഖീകരിക്കുന്നതെങ്കിലോ ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരണം വരെ പോരാടുക. നമ്മള്‍ എന്ത് ചെയ്യും? ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഞങ്ങള്‍ എന്തായാലും പോരാടും. ഒരു ആണവ രാഷ്ട്രം അവസാനം വരെ പോരാടുകയാണെങ്കില്‍ അതിന്റെ പരിണിതഫലം അതിര്‍ത്തികള്‍ക്കപ്പുറം പ്രതിഫലിക്കും- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഭീകരതയെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. മുസ്ലിംകളോടുള്ള വിരോധം ലോകത്തെ വിഭജിക്കുന്നുവെന്നും ഇമ്രാന്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ഭരണഘടനാലംഘനമാണെന്നും കശ്മീരികള്‍ തടവിലാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.

Top