കൊറോണ ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം ബെംഗളൂരുവില്‍

ബെംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. കര്‍ണാടകത്തിലെ കലബുറഗിയിലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (79)യാണ് മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 ന് സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ സിദ്ദിഖി ശ്വാസതടസവും ചുമയും അടക്കമുള്ളവമൂലം ചികിത്സ തേടുകയായിരുന്നു.

ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാര്‍ച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. നില വഷളായതോടെ ഇദ്ദേഹത്തെ മാര്‍ച്ച് ഒന്‍പതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

Top