ഖത്തറുമായി എല്‍.എന്‍.ജി കരാര്‍ 2048 വരെ പുതുക്കി ഇന്ത്യ

ഡല്‍ഹി: ഖത്തറില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) ഇറക്കുമതി കരാര്‍ 2048 വരെ നീട്ടാന്‍ ഇന്ത്യ. നിലവിലെ നിരക്കിനെക്കാള്‍ ഗണ്യമായ കുറവില്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) ലഭ്യമാകുന്ന സ്ഥിതിക്ക് ഇറക്കുമതി നീട്ടുകയാണ് ഇന്ത്യയുടെ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വളങ്ങള്‍ ഉണ്ടാക്കുന്നതിനും സിഎന്‍ജിയുമായി മാറ്റുന്നതിനുമായി പ്രതിവര്‍ഷം 75 ലക്ഷം ടണ്‍ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള ഖത്തറുമായി കരാറില്‍ ഒപ്പുവെക്കും.

പെട്രോനെറ്റ് നിലവില്‍ പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ എല്‍.എന്‍.ജി ഇറക്കുമതി ചെയ്യുന്നു. ആദ്യത്തെ 25 വര്‍ഷത്തെ കരാര്‍ 2028-ല്‍ അവസാനിക്കും. എന്നാല്‍ ഇപ്പോള്‍ 20 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ്.പുതിയ കരാര്‍പ്രകാരം ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് ഏകദേശം 0.8 ഡോളര്‍ ഇന്ത്യക്ക് ലാഭിക്കാനാകും. ബാരലിന് $80 എന്ന ബ്രെന്റ് വില കണക്കാക്കിയാല്‍, 20 വര്‍ഷ കാലയളവില്‍ ഏകദേശം 6 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ പുതിയ വിലനിര്‍ണ്ണയ നിബന്ധനകള്‍ കാരണമായേക്കാം.

പെട്രോളിയം ഉല്‍പന്നങ്ങളോടുള്ള ആശ്രയത്വം പരമാവധി കുറക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ നീക്കം. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, 2070-ഓടെ കാര്‍ബണ്‍ എമിഷന്‍ ഒഴിവാക്കാനുള്ള പരിവര്‍ത്തന ഇന്ധനമായാണ് പ്രകൃതി വാതകത്തെ കാണുന്നത്.

ഇതിന്റെ ഭാഗമായി രാജ്യത്തെ ഊര്‍ജ്ജ മിശ്രിതത്തില്‍ പ്രകൃതി വാതകത്തിന്റെ പങ്ക് 2030 ആകുമ്പോഴേക്കും 6.3 ശതമാനത്തില്‍ നിന്ന് 15 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഊര്‍ജ മന്ത്രിയും ഖത്തര്‍ എനര്‍ജിയിലെ ഉന്നത ഉദ്യോഗസ്ഥരും ഐ.ഇ.ഡബ്ല്യുവില്‍ പങ്കെടുക്കുന്നുണ്ട്.

Top