ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു; യുഎസ് മതസ്വാതന്ത്ര റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയുടെ വാര്‍ഷിക മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തള്ളി ഇന്ത്യ. അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണം ഉയരുന്നുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമണങ്ങള്‍ പതിവാണെന്നും പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭരണഘടനാ നല്‍കുന്ന അവകാശങ്ങളില്‍ അഭിപ്രായം പറയാന്‍ ഒരു വിദേശ രാജ്യത്തിനും അവകാശമില്ലെന്നുപറഞ്ഞാണ് യുഎസ് റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയത്.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വിദേശ കാര്യ വക്താവ് രവീശ് കുമാര്‍ പ്രതികരിച്ചതിങ്ങനെയാണ്, ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും വൈവിധ്യമുള്ള സമൂഹമായും എല്ലാം ഇന്ത്യ അതിന്റെ മതേതരത്വ സ്വഭാവം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല അതിന്റെ സഹിഷ്ണുതാ മനോഭാവവും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്ന സംസ്‌കാരവും എല്ലാം അറിവുള്ളതാണ്. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശങ്ങള്‍ നല്‍കുന്നുണ്ട്,’ അത് ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നതാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.മതസ്വാതന്ത്ര്യത്തിനും മറ്റും സംരക്ഷണം നല്‍കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നത് എല്ലാവരാലും അംഗീകരിക്കപ്പെട്ട കാര്യമാണ്. അതിന്‍മേല്‍ അഭിപ്രായം പറയാന്‍ ഒരു വിദേശ രാജ്യത്തിനും അവകാശമുണ്ടെന്ന് കരുതുന്നില്ലെന്നും രവീഷ്‌കുമാര്‍ പറഞ്ഞു.

2018ലെ യുഎസ് വാര്‍ഷിക മതസ്വാതന്ത്ര റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പില്‍ നിന്നുംആള്‍ക്കൂട്ട ആക്രമണം നേരിടുന്നുവെന്ന്‌റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.പശുവിറച്ചിയും ബീഫും കൈവശം വെച്ചെന്നാരോപിച്ച് ന്യൂനപക്ഷങ്ങള്‍ക്കേതിരേ, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരേ ആക്രമണം നടക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ടായിരുന്നു.

Top