158 ഇന്ത്യന്‍ സൈനികരെ ചൈന വധിച്ചെന്ന പാക്ക് മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന പാക്ക് മാധ്യമ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യ.

റിപ്പോര്‍ട്ട് തീര്‍ത്തും അസംബന്ധമാണെന്നും വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലേ ആരോപിച്ചു. വാര്‍ത്തകള്‍ ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങള്‍ യാതൊരു കൃത്യതയുമില്ലാതെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിങ്കളാഴ്ച്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം അതിര്‍ത്തി കടന്നു നടത്തിയ ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പാക്ക് മാധ്യമമായ ‘ദുനിയ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണും, മോര്‍ട്ടറുകളും ഉപയോഗിച്ച് ചൈന ആക്രമണം നടത്തുന്നതിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ കാണിച്ചതായും പാക്ക് മാധ്യമം പറയുന്നു.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ കഴിഞ്ഞ 30 ദിവസമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്.

Top