ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലേക്ക്

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 217നെതിരെ ന്യസിലന്‍ഡ് 249 റണ്‍സിന് പുറത്തായിരുന്നു. 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കിവീസിന് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. അഞ്ചാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 64 എന്ന നിലയിലാണ് ഇന്ത്യ.

റിസര്‍വ് ദിനം മാത്രം മുന്നില്‍ നില്‍ക്കെ 32 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കും. ചേതേശ്വര്‍ പൂജാര (12), വിരാട് കോലി (8) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (30), ശുഭ്മാന്‍ ഗില്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടിം സൗത്തിക്കാണ് രണ്ട് വിക്കറ്റുകളും.

ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഗില്ലാണ് ആദ്യം മടങ്ങിയത്. സൗത്തിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രോഹിത് പിടിച്ചുനില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതേ രീതിയില്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സായിരിക്കെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് കോലിയും പൂജാരയും വിക്കറ്റുകള്‍ നഷ്ടമാവാതെ സൂക്ഷമതയോടെ കളിച്ച് അവസാനദിനം പൂര്‍ത്തിയാക്കി.

 

Top