ആകാശ ‘കഴുകന്‍’ ഇനി ഇന്ത്യക്ക് സ്വന്തം, കരുത്ത് സമ്മതിച്ച് ചൈനീസ് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തുയര്‍ത്തി റഫാല്‍ യുദ്ധ വിമാനം രാജ്യത്തേക്കെത്തി. ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വ്യോമസേന ഡെപ്യൂട്ടി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി ഒരു മണിക്കൂറോളം റഫാലില്‍ പറക്കുകയും ചെയ്തു. ദസറ ദിനമായ ഒക്ടോബര്‍ എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനയ്ക്ക് റഫാല്‍ ഔദ്യോഗികമായി കൈമാറും.

ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ഈ കുതിപ്പ് അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് പാക്ക്, ചൈന റിപ്പോര്‍ട്ടുകള്‍വരെ വന്നു കഴിഞ്ഞു. പാക്കിസ്ഥാന്‍ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയില്‍ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങിയതും വാങ്ങാന്‍ കരാര്‍ നല്‍കിയതുമായ ആയുധങ്ങളും പോര്‍വിമാനങ്ങളും വന്‍ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

2015ലാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്. 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ)യുടേതാണ് കരാര്‍. രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില.

എണ്‍പതുകളില്‍ വികസനം ആരംഭിച്ച റഫാല്‍ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമ, നാവിക സേനകള്‍, ഈജിപ്ത് വ്യോമസേന, ഖത്തര്‍ വായുസേന എന്നിവരാണ് റഫാല്‍ ഉപയോഗിക്കുന്നത്. 15.27 മീറ്ററാണ് വിമാനത്തിന്റെ നീളം. മണിക്കൂറില്‍ 1912 കിലോമീറ്ററാണ് വേഗം. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്‌സ് എന്നിങ്ങനെ ത്രിതല ശേഷിയുള്ളതാണ് റഫാല്‍.

Top