ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

ബെനോനി: ഒരു ഘട്ടത്തില്‍ ഇക്കളി ഇന്ത്യയില്‍നിന്ന് പോയെന്ന് കരുതിയതാണ്. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ ഒരു മടക്കവും പ്രതീക്ഷിച്ചു. പക്ഷേ, ഞെരിഞ്ഞമര്‍ന്നപ്പോഴും ജീവശ്വാസമായ രണ്ട് പേരുടെ ഇന്നിങ്‌സുകള്‍… അത് നല്‍കിയ കരുത്തില്‍ ഇന്ത്യ ഫൈനലില്‍. സെഞ്ചുറിയെക്കാള്‍ തിളക്കമുള്ള സച്ചിന്‍ ദാസിന്റെ ഇന്നിങ്‌സും (95 പന്തില്‍ 96) പ്രതിസന്ധി ഘട്ടത്തില്‍ യഥാര്‍ഥ പടനായകനായി പ്രവര്‍ത്തിച്ച ഉദയ് സാഹറന്റെ ഇന്നിങ്‌സും (124 പന്തില്‍ 81) ആണ് ഇന്ത്യയെ കലാശക്കളിക്ക് യോഗ്യമാക്കിയത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയതായിരുന്നു ഇന്ത്യ. നേരിട്ട ഒന്നാം പന്തില്‍തന്നെ ഓപ്പണര്‍ ആദര്‍ശ് സിങ് മടങ്ങി. ക്വെന മഫാകയുടെ ഓവറിലെ ആദ്യ പന്തില്‍ ഹുവാന്‍ ഡ്രെ പ്രിറ്റോറിയസിന് ക്യാച്ച് നല്‍കിയായിരുന്നു തിരിച്ചുപോക്ക്. സ്‌കോര്‍ ബോര്‍ഡ് അനങ്ങും മുന്നെത്തന്നെ ആദ്യ വിക്കറ്റ്.

നാലാം ഓവറിലായിരുന്നു അടുത്ത പ്രഹരം. ട്രിസ്റ്റന്‍ ലൂസിന്റെ പന്തില്‍ വമ്പനടിക്കാരന്‍ മുഷീര്‍ ഖാനും (4) മടങ്ങി. ടീം സ്‌കോര്‍ 25-ല്‍ നില്‍ക്കേ, അര്‍ഷിന്‍ കുല്‍ക്കര്‍ണിയും (12) മടങ്ങിയതോടെ പ്രതീക്ഷ അറ്റു. ഏഴ് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ പ്രിയാന്‍ഷു മോല്യയും പോയതോടെ കളി കൈവിട്ടെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. 11.2 ഓവറില്‍ 32 റണ്‍സിനിടെ നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു. അവസാനത്തെ മൂന്ന് വിക്കറ്റുകളും ട്രിസ്റ്റന്‍ ലൂസിനായിരുന്നു.

പക്ഷേ, പിന്നീടായിരുന്നു യഥാര്‍ഥ കളി. ക്യാപ്റ്റന്‍ ഉദയ് സാഹറനും സച്ചിന്‍ ദാസും നിലയുറപ്പിച്ചുള്ള പോരാട്ടം തന്നെ നടത്തി. സച്ചിന്‍ കുറെക്കൂടി ആക്രമണ സ്വഭാവം കാണിച്ചെങ്കില്‍ ഉദയ് നിലയുറപ്പിച്ചുകൊണ്ടാണ് നീങ്ങിയത്. ഫലത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കാനാകാതെ വന്നു. ഒരു സിക്‌സും 11 ഫോറും നിറഞ്ഞതായിരുന്നു സച്ചിന്‍ ദാസിന്റെ ഇന്നിങ്‌സ്. അഞ്ച് ഫോറുകള്‍ അടങ്ങിയതാണ് ഉദയ് സാഹറന്റെ പ്രകടനം. വിക്കറ്റ് കീപ്പര്‍ ആരവല്ലി അവിനാഷ് 10 റണ്‍സെടുത്തു.രാജ് ലിംബാനി എട്ട് റണ്‍സോടെ പുറത്താവാതെ നിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഇന്ത്യക്കു മുന്നില്‍ 245 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായ ഹുവാന്‍ ഡ്രെ പ്രിറ്റോറിയസിന്റെയും റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെയുടെയും ബാറ്റിങ് മികവാണ് ദക്ഷിണാഫ്രിക്കയ്ക്ക് 200-ന് മുകളില്‍ സ്‌കോര്‍ സമ്മാനിച്ചത്.

102 പന്തില്‍ 76 റണ്‍സാണ് ഹുവാന്‍ ഡ്രെ പ്രിറ്റോറിയസ് നേടിയത്. 100 പന്തുകള്‍ നേരിട്ട് സെലെറ്റ്‌സ്വാനെ 64 റണ്‍സും നേടി. ക്യാപ്റ്റന്‍ ജുവാന്‍ ജെയിംസ് (24), ട്രിസ്റ്റന്‍ ലൂസ് (23*), ഒലിവര്‍ വൈറ്റ്‌ഹെഡ് (22), സ്റ്റീവ് സ്‌റ്റോക്ക് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. റിലീ നോര്‍ട്ടണ്‍ (7*)ഡേവിഡ് ടീനേജര്‍ (പൂജ്യം), ദിവാന്‍ മറൈസ് (3) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

ഇന്ത്യക്കുവേണ്ടി രാജ് ലിംബാനി, ഒന്‍പത് ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പത്ത് ഓവറില്‍ 43 റണ്‍സ് വഴങ്ങി മുഷീര്‍ ഖാന്‍ രണ്ടും നമന്‍ തിവാരി സൗമി പാണ്ഡി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.

Top