ബാലകോട്ട് ആക്രമണം; രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. . .

rajnath-singh

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കും.

പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകേപനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഗ്രാമീണരെ മറയാക്കി ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണമാണ് നടത്തിയത്. എന്നാല്‍, ഇന്ത്യ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അഞ്ച് പാക്ക് സൈനിക പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.

എന്നാല്‍, ഇന്ത്യയ്ക്കെതിരെ സൈനിക നടപടികള്‍ സ്വീകരിക്കരുതെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പാക്ക് മണ്ണിലെ ഭീകരര്‍ക്കെതിരെ ഉടനെ തന്നെ നടപടിയെടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയോടും പാക്കിസ്ഥാനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ തന്നെ ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് ഒരു ആക്രമണം നടത്തുന്നത് 47 വര്‍ഷത്തിന് ശേഷം ഇത് ആദ്യമാണ്.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു.

മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്. അനവധി പാക്ക് സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. നിരവധി കെട്ടിടങ്ങളും ആയുധകേന്ദ്രങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. വ്യോമസേനയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണ വിവരം പുറത്തു വിട്ടത്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഇന്ത്യ പാക്കിസ്ഥാന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top