ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഹോങ് കോങ് പ്രതിഷേധം യുഎന്നില്‍ ഉന്നയിച്ച് ഇന്ത്യ

ജനീവ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഒരു വര്‍ഷമായി നടക്കുന്ന ഹോങ് കോങ് പ്രതിഷേധം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച് ഇന്ത്യ.
2019 ജൂണില്‍ ആരംഭിച്ച പ്രതിഷേധത്തെ കുറിച്ച് ഇതാദ്യമായാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നത്.

യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രാജീവ് കുമാര്‍ ചന്ദറാണ് മനുഷ്യാവകാശ കൗണ്‍സിലിന്റെ 44-ാംത് സെഷനില്‍ ഇക്കാര്യം അവതരിപ്പിച്ചത്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുക വഴി ചൈനീസ് സമ്പദ്ഘടനയ്ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയ ഇന്ത്യ ഹോങ് കോങ് പ്രതിഷേധം യുഎന്നില്‍ ഉന്നയിക്കുക വഴി ചൈനയുടെ അന്തസിന് നേരെ വെല്ലുവിളി ഉയര്‍ത്തിയതായാണ് കണക്കാക്കുന്നത്.

‘ഹോങ് കോങ് സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികള്‍ ഇക്കാര്യങ്ങള്‍ ഉചിതമായും ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ സമീപകാല സംഭവ വികാസങ്ങളെ ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് രാജീവ് കുമാര്‍ പറഞ്ഞു.

വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം, കോവിഡ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനിടയിലാണ് ഹോങ് കോങ് വിഷയത്തെ കുറിച്ചുളള ഇന്ത്യയുടെ ആശങ്ക രാജീവ് കുമാര്‍ അറിയിച്ചത്. ഹോങ് കോങ്ങിന് മേല്‍ പൂര്‍ണ നിയന്ത്രണം ഉറപ്പാക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ 2019 ജൂണ്‍ മുതലാണ് പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത്.

Top