India Raises Concerns Over Hate Crimes With US, Assured ‘Speedy Justice’

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ അക്രമത്തിനിരയായ സംഭവത്തില്‍ എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കുമെന്ന് അമേരിക്ക.

അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ അമേരിക്ക ദുഃഖം രേഖപ്പെടുത്തിയതായും ഇരകള്‍ക്ക് ഉടന്‍ നീതി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അമേരിക്കയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.

ഹര്‍ദിഷ് പട്ടേല്‍, ദീപ് റായ് എന്നിവര്‍ക്ക് അമേരിക്കയിലുണ്ടായ ദുരന്തങ്ങളില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്‌തേജ് സര്‍ണ അമേരിക്കയെ ഇന്ത്യയുടെ ആശങ്ക അറിയിച്ചിരുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു നേരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം അമേരിക്കന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

വംശീയമായ ഇത്തരം അക്രമ സംഭവങ്ങളില്‍ അപലപിക്കുന്നതായും ഈ വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റിക് ലാര്‍സന്‍ പറഞ്ഞു.

അടുത്തിടെയുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ അന്വേഷണോദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്.

അക്രമത്തിനിരയായവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തതായും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

ഹര്‍ദിഷ് പട്ടേല്‍ എന്ന ഇന്ത്യക്കാരന്‍ തെക്കന്‍ കരോലിനയിലെ ലാന്‍കാസ്റ്റര്‍ കൗണ്ടിയില്‍ കഴിഞ്ഞ വ്യഴാഴ്ചയാണ് വെടിയേറ്റു മരിച്ചത്.

ദീപ് റായ് എന്ന എന്‍ജിനീയറും അടുത്തിടെ വംശീയാക്രമണത്തിനിരയായി മരണപ്പെട്ടിരുന്നു. ഇതു കൂടാതെ നിരവധി ഇന്ത്യക്കാര്‍ അടുത്തിടെ അമേരിക്കയില്‍ വംശീയാതിക്രമങ്ങള്‍ക്ക് ഇരായായിട്ടുണ്ട്‌.

Top