ഞെട്ടണ്ട, ഇന്ത്യയിലേക്ക് വന്ന റഫേൽ ഫ്രാൻസിലുള്ളതിലും കരുത്തനാണ് ! !

ന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങിയ റഫേല്‍ കരുത്ത്, സൈന്യത്തിന് നല്‍കിയിരിക്കുന്നത് വലിയ ആത്മവിശ്വാസം. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചങ്കിടിക്കുന്നത് പാക്കിസ്ഥാനും ചൈനക്കുമായിരിക്കും. ഒരേ സമയം, ഈ രണ്ട് രാജ്യങ്ങളെയും വലിയ പ്രതിരോധത്തിലാക്കുന്ന ശക്തിയാണ്, ഇന്ത്യയിപ്പോള്‍ ആര്‍ജിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു കൊണ്ട് തന്നെ, ചൈനയെയും പാക്കിസ്ഥാനെയും ആക്രമിക്കാന്‍ റഫേലിന് ഇനി കഴിയും.

ഒരു റഫേല്‍ വിമാനത്തിന് ശത്രുരാജ്യത്തിന്, ഏല്‍പ്പിക്കാന്‍ പറ്റുന്ന പ്രഹരം, നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. ആണവായുധം വഹിച്ച് പറക്കാനും, രാത്രിയും പകലും ലക്ഷ്യം തെറ്റാതെ ആക്രമിക്കാനുമുള്ള ശേഷിയാണ് റഫേലിന്റെ പ്രത്യേകത. ഈ വിമാനത്തെ വെടിവെച്ചിടുക എന്നതും ശത്രുരാജ്യത്തിന് എളുപ്പമാകില്ല.റഫേലിന്റെ ടെക്നോളജി തന്നെ, ഏറെ അഡ്വാന്‍സായിട്ടുള്ളതാണ്.

നിലവില്‍ റഫേല്‍ ഉപയോഗിക്കുന്നത് ഫ്രഞ്ച് എയര്‍ഫോഴ്സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയര്‍ഫോഴ്സ്, ഖത്തര്‍ എയര്‍ഫോഴ്സ് എന്നിവരാണ്. റഫേലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുമുണ്ട്.

എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്‌സ് ശേഷിയുള്ളതാണ് റഫേല്‍. മിക്ക ആധുനിക ആയുധങ്ങളും റഫേലില്‍ ഘടിപ്പിക്കാനാകും. ഫ്രാന്‍സിന്റെ കയ്യില്‍ നിന്ന് ഇന്ത്യ വാങ്ങി വികസിപ്പിച്ചെടുക്കുന്ന റഫേല്‍ വിമാനം, ഏറ്റവും മികച്ചതായിരിക്കും. ഇന്ത്യയുടെയും ഇസ്രായേലിന്റെയും സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഫ്രാന്‍സിന്റെ റഫേലില്‍ ഘടിപ്പിക്കുന്നതോടെ, കരുത്ത് വലിയ തോതില്‍ വര്‍ധിക്കും. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ശത്രു രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്. അതായത് ലോകത്തിലെ ഏറ്റവും ആക്രമണക്കാരിയായ യുദ്ധവിമാനം ഇന്ത്യയുടേതായിരിക്കുമെന്ന് വ്യക്തം.

ആണവായുധങ്ങള്‍ക്ക് പുറമേ, അസ്ത്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ റഫേല്‍ കര്‍മനിരതമാവുക.

എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയര്‍ സുപ്പീരിയോറിറ്റി ഫൈറ്റര്‍, മിറാജ് വിമാനങ്ങള്‍, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാന്‍ ശേഷിയുള്ള ജഗ്വാര്‍, ഇന്ത്യയില്‍ നിന്നു പറന്നുപൊങ്ങിയാല്‍, ഏതു ഭാഗത്തുമെത്തി ബോംബിടാന്‍ കഴിവുള്ള, ആധുനിക സുഖോയ്-30 എംകെഐ എന്നിവയും, ഇന്ത്യന്‍ പോര്‍മുഖത്തെ കരുത്തരാണ്. കൂടാതെ, തേജസ്സ് എന്ന പേരില്‍ അത്യാധുനിക പോര്‍വിമാനങ്ങളും ഇന്ത്യ തന്നെ വികസിപ്പിച്ചു തയാറാക്കി കഴിഞ്ഞിട്ടുണ്ട്. യുദ്ധമുഖത്ത്, ഓരോ വിമാനത്തിനും പല തരം റോളുകളാണുള്ളത്.

ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി, കനത്ത ആക്രമണം നടത്താന്‍ കഴിവുള്ളവയാണു സുഖോയ്-30 വിമാനങ്ങള്‍. ജഗ്വാറിനെക്കാള്‍ മികച്ച സ്വരക്ഷാസംവിധാനവും ഇവയ്ക്കുണ്ട്. വ്യോമസേനയുടെ പക്കല്‍ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതില്‍ 27 എണ്ണം സൂപ്പര്‍ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിന്‍നിര നീക്കങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള 140 ജഗ്വാര്‍ വിമാനങ്ങളും യുദ്ധസജ്ജമാണ്. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാനാണ്, മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളെ ഉപയോഗപ്പെടുത്തുക. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേര്‍പ്പെടാന്‍ മാത്രമായി, ചില പ്രത്യേക വിമാനങ്ങളും ഇന്ത്യക്കുണ്ട്. മിഗ്-29 ഇതില്‍ പ്രധാനിയാണ്.

ഏഷ്യയിലെ സുപ്രധാന സാമ്പത്തിക- സൈനിക ശക്തിയായ ചൈനയേക്കാള്‍, ഒന്നുകൊണ്ടും പിന്നിലല്ല ഇന്ത്യ. ഇന്ത്യയുടെ ആയുധ ശേഖരത്തിലേക്ക് എത്തിപ്പെടാന്‍ പോകുന്ന നവീന ആയുധങ്ങള്‍, ചൈനയെ വിറപ്പിക്കാന്‍ പോരുന്നവ തന്നെയാണ്. റഫേല്‍, ഇതിന് ഒന്നാന്തരമൊരു ഉദാഹരണമാണ്. അമേരിക്കന്‍ ഉപരോധ ഭീഷണിയേപ്പോലും വകവെക്കാതെയാണ്, ഇന്ത്യ റഷ്യയുമായി എസ്-400 മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. മിസൈല്‍- വ്യോമ ആക്രമണങ്ങളെ പരാജയപ്പെടുത്തുന്നതിനും 400 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താനും ഉപയോഗിക്കാവുന്ന സംവിധാനമാണ് എസ്-400. ശബ്ദത്തിന്റെ 14 മടങ്ങ് വേഗതയിലാണ് ഇത് ശത്രുവിന്റെ മിസൈലുകളേയും യുദ്ധവിമാനങ്ങളേയും തരിപ്പണമാക്കുക.

ഒരേസമയം 80 ലക്ഷ്യങ്ങളെ നേരിടാനുള്ള ശേഷിയും ഇതിനുണ്ട്. 160 ഭൂതല- വ്യോമ മിസൈലുകളാണ് ഒരു എസ്-400 സംവിധാനത്തില്‍ അടങ്ങിയിരിക്കുന്നത്. റഡാറുകളെ കബളിപ്പിക്കുന്ന, സ്റ്റെല്‍ത്ത് സംവിധാനമുള്ള യുദ്ധവിമാനങ്ങളേപ്പോലും ഇവയ്ക്ക് കണ്ടെത്താനാകും. 600 കിലോ മീറ്റര്‍ അകലെനിന്നുതന്നെ യുദ്ധവിമാനങ്ങളുടെ വരവ് തിരിച്ചറിയാനും ഇവയെ ട്രാക്ക് ചെയ്യാനും എസ്-400ന് സാധിക്കും.

മാത്രമല്ല, ശത്രുവിന്റ ഭൂമിയിലുള്ള അഞ്ചു മീറ്റര്‍ വരെ ചെറിയ ലക്ഷ്യങ്ങളിലേക്ക് പോലും, കൃത്യമായി ആക്രമണം നടത്താനും ഈ മിസൈലിന് സാധിക്കും. നിലവില്‍ ചൈന ഈ മിസൈല്‍ സംവിധാനം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയുടെ നിയന്ത്രണം വരുന്ന വെസ്റ്റേണ്‍ കമാന്‍ഡിന് കീഴില്‍, രണ്ട് എസ്-400 മിസൈല്‍ സംവിധാനമാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിന് മുഖാന്തരമായി എസ്-400 തന്നെ വിന്യസിക്കാനാണ് ഇന്ത്യയുടെയും പദ്ധതി. ഇതിനായി, റഷ്യയില്‍നിന്ന് ഈ സംവിധാനം വളരെ വേഗത്തില്‍ ലഭ്യമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2021ന്റെ തുടക്കത്തില്‍ തന്നെ എസ്-400 ട്രയംഫ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ വജ്രായുധങ്ങളിലൊന്നാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍. ഇതിന്റെ ഹൈപ്പര്‍ സോണിക് പതിപ്പും ഉടന്‍ സാധ്യമാകും. നിലവിലുള്ള മിസൈലിനേക്കാള്‍ കൂടുതല്‍ ദൂരം പോകാന്‍ കഴിയുന്നതും, ശത്രുവിന്റെ യുദ്ധവിമാനങ്ങളേയും ടാങ്കര്‍ വിമാനങ്ങളേയും സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ കഴിയുന്നതുമായ പതിപ്പാണ്, അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. 60 കിലോയോളം വരുന്ന പോര്‍മുന വഹിക്കാന്‍, ഈ വജ്രായുധത്തിനും സാധിക്കും. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈലുകള്‍.

കരയുദ്ധത്തിന്റെ ഗതിനിര്‍ണയിക്കുന്നത്, ടാങ്കുകളുടെ വിന്യാസവും അതിന്റെ തന്ത്രപരമായ ഉപയോഗവുമാണ്. ഇവിടെയാണ് റഷ്യന്‍ നിര്‍മിത ടി-14 ടാങ്കുകള്‍ കരത്താവുന്നത്. നിലവില്‍ റഷ്യന്‍ മിലിട്ടറി മാത്രമാണ് ഇതുപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് അവ നല്‍കുന്നതില്‍ പോലും നിയന്ത്രണങ്ങളുണ്ട്. ഇവയാണിപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ പോകുന്നത്.

ഈ ടാങ്കുകളുടെ അത്യാധുനിക സവിശേഷതകള്‍, ആയുധങ്ങള്‍, സങ്കീര്‍ണമായ സെന്‍സറുകള്‍ എന്നിവ, ചൈനീസ് ടാങ്കുകളേക്കാള്‍ ഏറെ മികച്ചവയാണ്. താഴ്ന്നുപറക്കുന്ന വിമാനങ്ങളെ അടക്കം വെടിവെച്ചിടാന്‍, ഈ റഷ്യന്‍ നിര്‍മിത ടാങ്കുകള്‍ക്ക് സാധിക്കും. ഇതിന് പുറമേ റഷ്യയുടെ ടി-90 ടാങ്കുകളും ഇന്ത്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ മുന്‍ഗാമിയായ ടി-72 ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സേനയുടെ ഭാഗമാണ്. ടി-14 ടാങ്കുകള്‍ക്ക് വേണ്ടി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഇതിലും ഉപയോഗിച്ചിട്ടുണ്ട്. എഞ്ചിനിലടക്കം വലിയ മാറ്റങ്ങളാണ് മുന്‍ഗാമിയെ അപേക്ഷിച്ച് വരുത്തിയിരിക്കുന്നത്.

ഇതിനെല്ലാം പുറമെ ഇതുവരെ വെളിപ്പെടുത്താത്ത നിരവധി രഹസ്യായുധങ്ങളും ഇന്ത്യക്കുണ്ട്. ഒരു രാജ്യത്തിന്റെയും ചാരക്കണ്ണുകള്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്തവയാണിത്. യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമാകും ഇവയുടെയും കരുത്ത് ലോകമറിയാന്‍ പോകുന്നത്. സമാധാനത്തിന് വേണ്ടി എല്ലാം സഹിക്കുന്ന അവസ്ഥയില്‍ നിന്നും, അറ്റാക്ക് പൊസിഷനിലേക്കാണ് ഇന്ത്യയിപ്പോള്‍ മാറിയിരിക്കുന്നത്. ലോക രാജ്യങ്ങളെ അമ്പരപ്പിക്കുന്നതും, ചൈനയെ പിറകോട്ടടിപ്പിച്ചതും, പാക്കിസ്ഥാനെ നിശബ്ദമാക്കിയതും, ഇന്ത്യയുടെ ഈ നിറമാറ്റം തന്നെയാണ്.

Top