India pushes talks with Russia for 5th-generation fighters and ‘Super Sukhois

ന്യൂഡല്‍ഹി: റഷ്യയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ സുഖോയ് യുദ്ധവിമാനം അന്തിമ ഘട്ടത്തില്‍. വിമാനം വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. അഞ്ചാം തലമുറ സുഖോയ് യുദ്ധവിമാനത്തിന് അത്യാധുനിക റഡാര്‍ സംവിധാനമാണുള്ളത്.

അത്യാധുനിക ആയുധങ്ങളും മിസൈലുകളും ഉപകരണങ്ങളുമുള്ള വിമാനത്തിന്റെ അവസാനവട്ട നിര്‍മ്മാണ നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. 2007ല്‍ ഇത് സംബന്ധിച്ച കരാര്‍ ആയിരുന്നു. 2950 കോടിയുടെ കരാറാണ് ഇതിനായി അന്ന് കണക്കാക്കിയിരുന്നത്. ഇരുരാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനാല്‍ 400 കോടി വീതം ഇരു രാജ്യങ്ങളും ഗവേഷണങ്ങള്‍ക്കും മറ്റുമായി മുടക്കിക്കഴിഞ്ഞിരുന്നു.

127 സുഖോയ് ജെറ്റുകളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് 25 ബില്യണ്‍ ഡോളര്‍ ( ഏകദേശം 2500 കോടി) ചിലവാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം വിമാനം വാങ്ങാനുള്ള കരാറില്‍ ഒപ്പിടാനാകുമെന്നാണ് പ്രതിരോധ മന്ത്രാലയം കണക്കാക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന സുഖോയ് 30എംകെഐ യുദ്ധവിമാനത്തിനെ പരിഷ്‌കരിച്ച് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷയുള്ള സൂപ്പര്‍ സുഖോയ് ആക്കിമാറ്റുന്ന പദ്ധതി സംബന്ധിച്ചും റഷ്യയുമായി ചര്‍ച്ചകള്‍ നടക്കും.

ഭാവിയില്‍ 33 എയര്‍ സ്‌ക്വാഡ്രണുകളുടെ അഭാവം വ്യോമസേനയിലുണ്ടാകും എന്നത് മുന്നില്‍ കണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. ഉടന്‍ തന്നെ വ്യോമസേനയ്ക്ക് 42 സ്‌ക്വാഡ്രണുകള്‍ സജ്ജമാക്കേണ്ടതുണ്ട്. പാക് ചൈന ഭീഷണി ചെറുക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് പ്രതിരോധവകുപ്പിന്റെ നിലപാട്.

ഫ്രാന്‍സുമായി ചേര്‍ന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായിട്ടുണ്ടെങ്കിലും ഇത് വ്യോമസേനയുടെ ആവശ്യങ്ങള്‍ക്ക് തികയില്ല. ഇതേതുടര്‍ന്നാണ് സൂപ്പര്‍ സുഖോയ് എന്ന ആവശ്യമുയര്‍ന്നത്. ഇത് സംബന്ധിച്ച കരാറും അടുത്ത വര്‍ഷം ഒപ്പിട്ടേക്കും

Top