പാകിസ്താനിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷണറുടെ POK സന്ദർശനത്തിൽ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡൽഹി : പാകിസ്താനിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷണർ പാക് അധിനിവേശ കശ്മീർ സന്ദർശിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. വിഷയത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറോട് വിദേശകാര്യ സെക്രട്ടറി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സന്ദർശനം ഇന്ത്യയുടെ പരമാധികാരം ലംഘിക്കുന്ന നടപടിയാണെന്ന്‌ കേന്ദ്ര വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

പാകിസ്താനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനം പ്രതിഷേധാര്‍ഹമാണെന്നും സന്ദർശനം ഇന്ത്യ ​ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം നടപടികൾ അം​ഗീകരിക്കാനാവില്ല. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എല്ലായ്പ്പോഴും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ബുധനാഴ്ചയായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയോറ്റും യു.കെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും പാക് അധിനിവേശ കശ്മീരിലെ മിർപുരിൽ സന്ദർശനം നടത്തിയത്. ഏഴുപത് ശതമാനം ബ്രിട്ടീഷ് പാകിസ്താനികളുടെ വേരുകളും മിർപുരിൽ നിന്നാണെന്ന് സന്ദർശനത്തിന് പിന്നാലെ ജെയ്ൻ എക്സിൽ കുറിച്ചു. ആതിഥ്യം വഹിച്ചതിന് അവർ നന്ദിപറയുകയുേം ചെയ്തു.

Top