ചൈനീസ് സേനയുടെ ‘മുകളില്‍’ ആയുധ സന്നാഹമൊരുക്കി ഇന്ത്യ ! !

ന്ത്യയുടെ മാറിയ മുഖം കണ്ട് അമ്പരന്നിരിക്കുന്നതിപ്പോള്‍ ചൈന മാത്രമല്ല ലോക രാഷ്ട്രങ്ങള്‍ കൂടിയാണ്. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ വലിയ സൈനിക ശക്തിയെന്ന് അഹങ്കരിക്കുന്ന ചൈനയോട് യുദ്ധത്തിന് തയ്യാറാണെന്ന നിലപാടാണ് ഇന്ത്യയിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 1975നു ശേഷം ആദ്യമായാണ് അതിര്‍ത്തിയില്‍ വെടിയൊച്ച മുഴങ്ങിയിരിക്കുന്നത്. സമവായം എന്നതില്‍ നിന്നും മാറി വേണ്ടി വന്നാല്‍ ആക്രമണം എന്ന നിലപാടാണ് ഇന്ത്യന്‍ സൈന്യം നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ചൈനയുടെ ആകാശത്തേക്കുള്ള വെടിവയ്പ്പ്. തിരിച്ച് നെഞ്ചിലേക്ക് തന്നെ വെടി വെയ്ക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ സേനയും നല്‍കിയിരിക്കുന്നത്.

പ്രദേശത്തെ മലനിരകളുടെ മുകളില്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യമാണുള്ളത്. ചൈന ആക്രമിച്ചാല്‍ വലിയ വിലയാണ് അവര്‍ക്ക് കൊടുക്കേണ്ടി വരിക. ഭൗതിക സാഹചര്യം ഇന്ത്യക്ക് അനുകൂലമായതുകൊണ്ട് മാത്രമാണ് ആകാശത്തേക്ക് ചൈന വെടിവെച്ചിരിക്കുന്നത്. നേരിട്ടായിരുന്നെങ്കില്‍ വലിയ ആള്‍നാശം ചൈനയുടെ ഭാഗത്തും സംഭവിക്കുമായിരുന്നു. കാരണം ഇന്ത്യന്‍ സേനയുടെ കിഴക്കന്‍ ലഡാക്കിലെ മേല്‍ക്കോയ്മ അത്രയ്ക്കും ശക്തമാണ്. പാംഗോങ് തടാകത്തിന് ചുറ്റുമുള്ള മലനിരകളിലെ ഇന്ത്യന്‍ സാന്നിധ്യം ചൈനീസ് സൈനികരുടെ ചങ്കിടിപ്പിക്കുന്നതാണ്. ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തണമെന്ന് കണക്ക് കൂട്ടിയല്ല പേടിപ്പിച്ച് പിന്‍മാറ്റം എന്നു കരുതിയാണ് ചൈന നീങ്ങിയിരുന്നത്. എന്നാല്‍ അവരുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇന്ത്യയിപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ചൈന കടന്നു കയറിയ സ്ഥലങ്ങളും ഇന്ത്യന്‍ സേനയിപ്പോള്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു. അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ യുവാക്കള്‍ ചൈനയുടെ കൈവശമാണ് ഇപ്പോഴുള്ളത്. ഇവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും. യുദ്ധസാധ്യത മുന്‍കൂട്ടി കണ്ടു തന്നെയാണ് ഇന്ത്യ സൈനിക വിന്യാസവും കടുപ്പിച്ചിരിക്കുന്നത്. ചൈന ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണിത്. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതില്‍ അതിര്‍ത്തിയില്‍ പ്രധാന പങ്കുവഹിക്കുന്നത് ടിബറ്റുകാര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സാണ്. 1962ലെ തിരിച്ചടിക്കു ശേഷമാണ് ഇത്തരമൊരു സേനയ്ക്ക് ഇന്ത്യ നേരിട്ട് രൂപം കൊടുത്തിരുന്നത്. ചൈനയുടെ ആജന്മ ശത്രുക്കളായ ടിബറ്റുകാരെ ഉള്‍പ്പെടുത്തി ഇന്ത്യ സ്പെഷ്യല്‍ ഫോഴ്സ് രൂപീകരിച്ചത് ചൈനയ്ക്ക് വലിയ വെല്ലുവിളിയയി ഇതിനകം തന്നെ മാറിയിട്ടുണ്ട്.

ചെങ്കുത്തായ മലനിരകളിലും തണുത്തുറഞ്ഞ ദുര്‍ഘട മേഖലകളിലും തളരാത്ത വീര്യമാണിത്. വലിയ പരിശീലനമാണ് ഈ സേനക്ക് ഇന്ത്യ നല്‍കിയിരിക്കുന്നത്. കാഴ്ചയില്‍ ചൈനാക്കാരെ പോലെ തന്നെയിരിക്കുന്ന ടിബറ്റുകാര്‍ ചൈനയുടെ രഹസ്യ നീക്കങ്ങള്‍ക്കും വലിയ പാരയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോക്ക് പുറമെ സി.ഐ.എയും ടിബറ്റ് പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ ഇല അനങ്ങിയാല്‍ ആദ്യം അറിയുന്നതും പ്രതിരോധിക്കുന്നതും ഈ സേന തന്നെയാണ്. രഹസ്യ ദൗത്യങ്ങള്‍ നിറവേറ്റുന്നതിനാല്‍ ഇവരുടെ സാന്നിധ്യം മാത്രമല്ല വിവരങ്ങളും അതീവ രഹസ്യമാണ്.

അടുത്തയിടെ ടിബറ്റുകാരനായ സൈനികന്‍ മൈന്‍ പൊട്ടി കൊല്ലപ്പെട്ടപ്പോള്‍ വീര ആചാരത്തോടെയാണ് ഇന്ത്യന്‍ സേന അന്ത്യോപചാരമര്‍പ്പിച്ചിരുന്നത്. ചൈനയെ ഏറെ പ്രകോപിപ്പിച്ച സംഭവമാണിത്. ടിബറ്റുകാരും അവരുടെ ആത്മീയ നേതാവ് ദലൈലാമയും ചൈനയുടെ പ്രഖ്യാപിത ശത്രുക്കളാണ്. ഇന്ത്യ ദലൈലാമയ്ക്ക് അഭയം നല്‍കിയതോടെയാണ് ചൈനയുടെ പകയും വര്‍ധിച്ചിരുന്നത്. ചൈനയുടെ അതിര്‍ത്തി രാജ്യങ്ങളായ റഷ്യ, വിയറ്റ്‌നാം, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, മംഗോളിയ, കസഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ലാവോസ്, കംബോഡിയ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് ഇന്ത്യക്കുള്ളത്. ഈ രാജ്യങ്ങളില്‍ മിക്കതുമായും ശക്തമായ അതിര്‍ത്തി തര്‍ക്കമാണ് ചൈനക്കുള്ളത്.

13 രാജ്യങ്ങളിലായി 22,000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. ഇതില്‍ റഷ്യ ഉള്‍പ്പെടുന്നുണ്ടെങ്കിലും റഷ്യയോട് മുട്ടിയാല്‍ സ്‌പോട്ടില്‍ വിവരമറിയുമെന്നതിനാല്‍ ഇവിടെ ചൈന അനുനയത്തിന്റെ പാതയാണ് സ്വീകരിച്ചിരിക്കുന്നത്. ബ്രഹ്‌മോസ് മിസൈല്‍ വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനയ്ക്ക് ചുട്ട മറുപടി നല്‍കാന്‍ ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ പോലും ഇന്ത്യ തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമാണ് ഭാരതരത്‌ന. നേരത്തെ ഈ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല.

Top