കോവിഡ് പ്രതിസന്ധിയില്‍ 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ച് ഇന്ത്യ. കോവിഡ് രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ്‌ എടുത്തുമാറ്റിയത്. കോവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തിലാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്.

എന്നാൽ ഇന്ത്യയുടെ തീരുമാനം യുഎസ്സിൽ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. അമേരിക്കയില്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഹൈഡ്രോക്സി ക്ലോറൈകൈൻ കയറ്റുമതി ചെയ്‌യുന്നത് അഹമ്മദാബാദ് ആസ്ഥാനമായ സൈദസ് ഫാർമസ്യൂട്ടിക്കൽസാണ്.

അതുകൊണ്ട് തന്നെ കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്തുവരുകയും ചെയ്തു. കോവിഡ് പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നത്.

കോവിഡ് രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

അമേരിക്കയില്‍ ഇതിനോടകം 3.66ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് മരണങ്ങള്‍ 10000 കടന്ന സാഹചര്യത്തിലാണ് ട്രംപ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്.അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ്ഹൗസില്‍ നടന്ന യോഗത്തിലും ട്രംപ് പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോട് സംസാരിച്ചെന്നും ഹൈഡ്രോക്സിക്ലോറോക്വിന്‍ ആവശ്യപ്പെടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മോദിയുമായി വളരെ അടുത്ത ബന്ധമാണ് ട്രംപിനുള്ളത്. ഇത് തകരാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ മൂന്ന് മില്യന്‍ ഡോളര്‍ ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രംപ് നല്‍കിയിരുന്നു.

Top