പാക്കിസ്ഥാനെ തകര്‍ത്ത് കരിയര്‍ തുടങ്ങിയ ആളാണ് സച്ചിന്‍; പിന്തുണയുമായി ശരത് പവാര്‍

മുംബൈ: പാക്കിസ്ഥാനുമായുളള ലോകകപ്പ് മത്സരത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സച്ചിന്‍ ടെഡുല്‍ക്കറിനും സുനില്‍ ഗവാസ്‌കറിനും പിന്തുണയുമായി എന്‍സിപി അധ്യക്ഷനും ഐസിസി, ബിസിസിഐ മുന്‍ തലവനുമായ ശരത് പവാര്‍.

സച്ചിന്‍ ഭാരത് രത്നവും സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മറ്റൊരു ഐക്കണുമാണ്. ലോകകപ്പില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്താനാകും എന്നാണ് സച്ചിനും ഗവാസ്‌കറും വിശ്വസിക്കുന്നത്. എന്നാല്‍ സച്ചിന്‍ വിമര്‍ശിക്കപ്പെട്ടു, പാക്കിസ്ഥാന് അനുകൂലമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. 15ാം വയസില്‍ പാക്കിസ്ഥാനെ തകര്‍ത്താണ് തന്റെ ഐതിഹിക കരിയറിന് സച്ചിന്‍ തുടക്കമിട്ടതെന്നും വിമര്‍ശകരോട് ശരത് പവാര്‍ വ്യക്തമാക്കി.

ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറി രണ്ട് പോയിന്റ് നഷ്ടപ്പെടുത്തുകയല്ല, പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. എന്നാല്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നു എന്നാരോപിച്ച് സച്ചിനെതിരെ രൂക്ഷ വിമര്‍ശനം ഇതിന് പിന്നാലെ ഉയര്‍ന്നു.

ലോകകപ്പില്‍ പാക്കിസ്ഥാനെ ഇന്ത്യ കളിച്ച് തോല്‍പിക്കുകയാണ് വേണ്ടതെന്ന് മറ്റൊരു ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കറും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന്‍ കൂടുതലായി ആക്രമിക്കപ്പെട്ടു. ഇതിനിടെയാണ് എന്‍സിപി അധ്യക്ഷനും ഐസി സി, ബിസിസിഐ മുന്‍ തലവനുമായ ശരത് പവാര്‍ സച്ചിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

Top