ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ റഷ്യന്‍ മധ്യസ്ഥം; അതിമോഹമെന്ന് ഇരുരാജ്യങ്ങളും

ന്യൂഡല്‍ഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥം വഹിക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്‌തെന്ന പാക് അവകാശവാദം ഇന്ത്യയും റഷ്യയും തള്ളി.

ഷാംഗ്ഹായി ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് റഷ്യ ഈ വാഗ്ദാനം മുന്നോട്ടുവച്ചതെന്നായിരുന്നു പാക് അവകാശവാദം. പാക് വിദേശകാര്യ വക്താവ് നഫീസ് സഖരിയ റഷ്യന്‍ വാഗ്ദാനം സ്വാഗതം ചെയ്യുകയും ചെയ്തു.

എന്നാല്‍ പാക് അവകാശവാദം ഇന്ത്യയും റഷ്യയും തള്ളിയിരിക്കുകയാണ്. റഷ്യ ഇത്തരത്തിലൊരു വാഗ്ദാനം ഇന്ത്യക്ക് നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ല്യ അറിയിച്ചു.

ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമായി അറിയാവുന്ന റഷ്യ, പാക്കിസ്ഥാന്‍ ഭീകരവാദവും സംഘര്‍ഷവും അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രകാര്യാലയവും പാക് അവകാശവാദം നിരസിച്ചു. പാക്കിസ്ഥാന്റെ സാങ്കല്‍പ്പിക മോഹമായിരിക്കാമിതെന്നും റഷ്യന്‍ നയതന്ത്രകാര്യാലയം അറിയിച്ചു.

Top