റഷ്യയില്‍ നിന്നും പാക്കിസ്ഥാന്‍ വാങ്ങുന്ന 600 ടാങ്കുകള്‍ക്ക് ഇന്ത്യയെ തകര്‍ക്കാനാകില്ല

ഷ്യയില്‍ നിന്നും പാക്കിസ്ഥാന്‍ സൈന്യം വാങ്ങുന്ന 600 ടാങ്കുകള്‍ കാശ്മീരിലെ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാന്‍ കഴിയുന്നതല്ല. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യയില്‍ നിന്നും 600 ടാങ്കുകള്‍ വാങ്ങാനാണ് പാക്കിസ്ഥാന്‍ തീരുമാനിച്ചത്. കാര്‍ഗില്‍ യുദ്ധം ബൊഫോഴ്‌സ് പീരങ്കികൊണ്ട് തകര്‍ത്ത ഇന്ത്യക്ക് പാക്കിസ്ഥാനെ വെല്ലുന്ന ടാങ്ക് പടതന്നെയുണ്ട്.

റഷ്യ നേരത്തെ തന്നെ ഇന്ത്യക്കു നല്‍കിയ ടി- 90 ഇനത്തില്‍പ്പെട്ട ആധുനിക ടാങ്കാണ് പാക്കിസ്ഥാനു നല്‍കുന്നത്. കംപ്യൂട്ടര്‍ അനുബന്ധമായ അഗ്നിരക്ഷാ സൗകര്യങ്ങളും നാല് കിലോ മീറ്റര്‍ ദൂരെനിന്നുവരെ ആക്രമണം നടത്താന്‍ സാധിക്കുന്നതുമാണ് ഈ ടാങ്കുകള്‍. ഇന്ത്യന്‍ സേന നേരത്തെതന്നെ ഈ ടാങ്കുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1200 റിലേറെ ടി-90 ഭീഷ്മ ടാങ്കുകള്‍ ഇന്ത്യയുടെ പക്കലുണ്ട്. ടി-72 ടാങ്കുകളാവട്ടെ 2300 റിലേറെയാണ് ഇന്ത്യക്കുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച അര്‍ജ്ജുന്‍ ടാങ്കുകളും ഇന്ത്യന്‍ പ്രതിരോധനിരക്ക് കരുത്തുപകരുന്നു.

പാക്കിസ്ഥാനാവട്ടെ ചൈനയില്‍ നിന്നും ഉക്രെയിനില്‍ നിന്നുമാണ് ടാങ്കുകള്‍ വാങ്ങിയിട്ടുള്ളത്. പക്ഷേ അവ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകളേക്കാള്‍ ഗുണനിലവാരം കുറഞ്ഞവയാണ്.

ടാങ്കുകളടക്കം പോര്‍മുനയാക്കുന്ന 67 സായുധ റെജിമന്റെുകള്‍ ഇന്ത്യക്കുണ്ടെങ്കില്‍ പാക്കിസ്ഥാനാവട്ടെ 51 റെജിമെന്റുകളേയുള്ളൂ. ഇന്ത്യക്ക് 4426 ടാങ്കുകളുള്ളപ്പോള്‍ പാക്കിസ്ഥാന് 2735 ടാങ്കുകള്‍ മാത്രമാണുള്ളത്. പാക്കിസ്ഥാനുമേല്‍ 1965ലും 1971ലും ഇന്ത്യക്ക് യുദ്ധവിജയം സമ്മാനിച്ചതില്‍ ടാങ്കുകളുടെ പങ്കായിരുന്നു മികച്ചത്. എന്നാല്‍ ഇപ്പോള്‍ വ്യോമ, നാവിക രംഗത്തും ഇന്ത്യ പാക്കിസ്ഥാനെ മറികടക്കുന്ന സൈനിക ശക്തിയാണ്. മിസൈല്‍ ആക്രമണ ശേഷിയിലും ഇന്ത്യക്കാണ് മേല്‍ക്കൈ.

ബിസിനസ് എന്ന നിലയില്‍ പാക്കിസ്ഥാന് ടാങ്കുകള്‍ നല്‍കുന്നുവെങ്കിലും സൈനികമായി ഇന്ത്യക്കൊപ്പമാണ് റഷ്യ. നയതന്ത്ര തലത്തിലും ഇന്ത്യയെ തുണക്കുന്ന നിലപാടാണ് ഇതുവരെ റഷ്യ സ്വീകരിച്ചത്. വലിയ സൈനിക ഉപഭോക്താവെന്ന നിലയിലും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കൊപ്പമായിരിക്കും റഷ്യ. നേരത്തെ പാക്കിസ്ഥാന്റെ സൈനിക രഹസ്യങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്നു പേടിച്ച് പാക്കിസ്ഥാന്‍ റഷ്യക്കൊപ്പമുള്ള സംയുക്ത സൈനിക അഭ്യാസത്തിനു തയ്യാറായിരുന്നില്ല.

2025ല്‍ സൈന്യത്തെ ആധുനീകരിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്നും 600 ടാങ്കുകള്‍ വാങ്ങുന്നത്. ഇറ്റലിയില്‍ നിന്നും 150 എം.എം.എസ്.പി മൈക്ക് 10 തോക്കുകളും പാക്കിസ്ഥാന്‍ വാങ്ങുന്നുണ്ട്. 245 തോക്കുകളില്‍ 120 എണ്ണം കൈമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു. ചൈനയുടെ സഹായത്തോടെ 220 ടാങ്കുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനും പാക്കിസ്ഥാന് പദ്ധതിയുണ്ട്.

india-pak

അതേസമയം, സൈനിക നവീകരണത്തിന് പാക്കിസ്ഥാനെ വെല്ലുന്ന പദ്ധതിയാണ് ഇന്ത്യക്കുള്ളത്. 60000 കോടി രൂപയുടെ ആധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങി സേനയെ നവീകരിക്കാനാണ് ഇന്ത്യയുടെ പദ്ധതി. അമേരിക്കയെ തഴഞ്ഞ് റഷ്യയില്‍ നിന്നും ടാങ്കുകള്‍ വാങ്ങാനുള്ള പാക്കിസ്ഥാന്‍ നീക്കം പാക്കിസ്ഥാനെതിരായ അമേരിക്കന്‍ നീക്കങ്ങള്‍ക്കും കരുത്തുപകരും. നേരത്തെ പാക്കിസ്ഥാനെ പിന്തുണച്ചിരുന്ന അമേരിക്ക ഇപ്പോള്‍ ഇന്ത്യയുമായി അടുത്ത സൗഹൃദത്തിലാണ്.

Top