കുൽഭൂഷൺ വധശിക്ഷ : പാക് ഹൈക്കോടതിയിൽ ഇന്ത്യ ഹാജരാവണം

ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ച കേസിലെ തുടര്‍ വാദനിയമനടപടികളില്‍ സഹകരിക്കണമെന്ന് ഇന്ത്യയോട് പാക് ഹൈക്കോടതി. ജാദവിനായി അഭിഭാഷകനെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പാകിസ്താന്‍ നിയമ-നീതിന്യായ മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.കേസിന്റെ വാദം ജൂണ്‍ 15 ലേക്ക് മാറ്റിവെച്ചു.

ചാരവൃത്തി, തീവ്രവാദക്കുറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ തടവിലാക്കിയത്. 2017 ഏപ്രിലില്‍ പാകിസ്താന്‍ സൈനിക കോടതി ജാദവിന് വധ ശിക്ഷയും വിധിച്ചിരുന്നു.

ഇന്ത്യ മന:പൂര്‍വ്വം കോടതി വാദത്തില്‍ പങ്കാളിയാവുന്നില്ലെന്നും പാകിസ്താന്‍ കോടതിയുടെ മുമ്പിലുള്ള വിചാരണയെ എതിര്‍ക്കുന്നുവെന്നും അഭിഭാഷകനെ നിയമിക്കാന്‍ വിസമ്മതിച്ചതായും ജാവേദ് ഖാന്‍ കോടതിയില്‍ പറഞ്ഞു.ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക് സൈനിക കോടതിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ നേരത്തേ സമീപിച്ചിരുന്നു .

ഇത് പരമാധികാര അവകാശങ്ങളെ ചോദ്യം ചെയ്യലാണെന്നും പാക് സര്‍ക്കാര്‍ കോടതിയെ അറയിച്ചു. ചീഫ് ജസ്റ്റിസ് അഥര്‍ മിനാല, ജസ്റ്റിസ് അമീര്‍ ഫാറൂഖ്, ജസ്റ്റിസ് മിയാങ്കുല്‍ ഹസന്‍ ഔറംഗസേബ് എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

 

 

Top