India; Pakistan will continue the talks

india---pak

ദില്ലി: ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടരുന്ന കാര്യത്തില്‍ നിലപാട് മാറ്റി പാകിസ്താന്‍. ഉഭയകക്ഷി ചര്‍ച്ചകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ചര്‍ച്ചകള്‍ തന്നെയാണ് പോംവഴിയെന്ന് നഫീസ് സക്കറിയ പറഞ്ഞു.

ചര്‍ച്ചകള്‍ക്കുള്ള രൂപരേഖ തയ്യാറായി കഴിഞ്ഞാല്‍ വിദേശകാര്യ സെക്രട്ടറി തല കൂടിക്കാഴ്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നിറുത്തി വച്ചതായി പാകിസ്താന്‍ ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു.

ഇന്ത്യ ഇതുവരെ ഒന്നിനും തയ്യാറായിട്ടില്ല. ചര്‍ച്ചകളിലൂടെ മാത്രമേ എന്തും പരിഹരിക്കാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘത്തെ പാകിസ്താനില്‍ അന്വേഷണം നടത്താന്‍ അനുവദിക്കുകയില്ലെന്നും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലല്ല പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തിയതെന്നും അബ്ദുല്‍ ബാസിത് പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ അന്വേഷണസംഘം ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറെടുക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top