ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ മത്സരം

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ മത്സരം. ക്രിക്കറ്റിലെ ‘എല്‍ ക്ലാസിക്കോ’ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് ഇന്ത്യ-പാക് പോരാട്ടം. ലോകകപ്പില്‍ കലാശപ്പോരിനേക്കാള്‍ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരം. ഉച്ചയ്ക്ക് 1.30ന് ടോസ് വീഴുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കണ്ണുകളും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ചുരുങ്ങും. പരമ്പരവൈരികള്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണ ഗ്യാലറി നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടര്‍ജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടത്തിന്റെ വീറും വാശിയും ആവേശവും ഒട്ടും തന്നെ കുറയില്ലെന്നുറപ്പാണ്. ശക്തരായ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും മുട്ടുകുത്തിച്ചാണ് നീലപ്പടയുടെ വരവ്.

മറുവശത്ത് നെതര്‍ലന്‍ഡ്സിനെയും ശ്രീലങ്കയെയും തകര്‍ത്താണ് പാക് പട ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. അതേസമയം ലോകകപ്പില്‍ ഇന്ത്യക്ക് അനുകൂലമായ ചരിത്രമാണുള്ളത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ല. ചരിത്രം ആവര്‍ത്തിക്കാന്‍ രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനാണ് ബാബര്‍ അസമും സംഘവും അഹമ്മദാബാദില്‍ ഇറങ്ങുന്നത്.

 

 

 

Top