ഇന്ത്യക്കാരനെ പ്രണയിച്ച പാക് യുവതിയെ തടവിലാക്കി കുടുംബം; രക്ഷിച്ച് ഇറ്റാലിയൻ പൊലീസ്

റോം : ഇന്ത്യക്കാരനായ യുവാവിനെ പ്രണയിച്ചതിന് മാതാപിതാക്കൾ തടവിലാക്കിയ പാക് യുവതിയെ രക്ഷിച്ച് ഇറ്റാലിയൻ പൊലീസ്. മധ്യ ഇറ്റലിയിലെ അരെസ്സോ നഗരത്തിലെ ടസ്കാനിയിലാണ് സംഭവം.

ഒരു വർഷത്തോളമായി യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി . മകൾ പ്രണയിക്കുന്നയാൾ ഇന്ത്യക്കാരനും, ഹിന്ദുവുമാണെന്നറിഞ്ഞതോടെ മാതാപിതാക്കൾ മകളെ വീട്ടുതടങ്കലിലാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല . മാത്രമല്ല ഒരു കെയർ ടേക്കറുടെ മേൽനോട്ടത്തിൽ മാത്രമാണ് പുറത്തേക്ക് പോകാൻ പോലും അനുവദിച്ചത് .

യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ പെൺകുട്ടിയെ തിരികെ പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നും മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല യുവാവിനെ കാണാൻ ശ്രമിച്ചാൽ ഇരുവരെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

മൊബൈൽ ഫോൺ വിലക്കിയിരുന്നെങ്കിലും ഡിസ്റ്റൻസ് എഡ്യൂക്കേഷനായി പെൺകുട്ടിക്ക് കംപ്യൂട്ടർ നൽകിയിരുന്നു. ഇതുവഴിയാണ് പെൺകുട്ടി ഇറ്റാലിയൻ പൊലീസിൽ പരാതി നൽകിയത്. താൻ വീട്ടുതടങ്കലിലാണെന്നും, വധഭീഷണി ഉണ്ടെന്നും കാട്ടിയാണ് ഇറ്റലിയിലെ  പൊലീസ് ചുമതലകളുള്ള സൈനിക സംഘത്തിന് ഇമെയിൽ അയച്ചത്. വിവരം ലഭിച്ച പൊലീസ് പെൺകുട്ടിയുടെ വസതിയിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു . പെൺകുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയ  പൊലീസ് മാതാപിതാക്കൾക്കും ,സഹോദരങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു .

Top