പാകിസ്താനില്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷം; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

ഇസ്ലാമാബാദ്: കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍ കര്‍ഷകര്‍. ഇന്ത്യന്‍ കര്‍ഷകരുടെ മാതൃക പിന്തുടരുകയാണ് പാകിസ്താന്‍ കര്‍ഷകരും. കാര്‍ഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടി യോജിച്ചുള്ള പോരാട്ടത്തിന് തയ്യാറെടുക്കാനാണ് പാകിസ്താന്‍ കര്‍ഷകരുടെ ശ്രമം. പാകിസ്താന്‍ കിസ്സാന്‍ ഇത്തിഹാദ്(പാകിസ്താന്‍ കര്‍ഷക ഐക്യം) നേതാക്കളുടെ മുന്‍കയ്യിലാണ് സമരം തുടങ്ങുന്നത്. ഫെബ്രുവരി 21ന് ചേര്‍ന്ന കര്‍ഷകസംഘടനകളുടെ സംയുക്ത യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. മാര്‍ച്ച് പകുതിയോടെ ഇന്ത്യന്‍ മാതൃകയിലുള്ള സമരം തുടരാനാണ് പദ്ധതിയെന്ന് ഡിപ്ലോമാറ്റ് പത്രം റിപോര്‍ട്ട് ചെയ്തു.

താങ്ങുവില, വൈദ്യുതി സബ്സിഡി, വിത്ത്, വളം സബ്സിഡി തുടങ്ങിയവ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ 12 മാസമായി പാകിസ്താനിലെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോയത്. തകര്‍ന്ന വിതരണ ശൃംഖലയും പഴം, പച്ചക്കറി കര്‍ഷകര്‍ നേരിട്ട തകര്‍ച്ചയും കൊവിഡ് സാഹചര്യവും കര്‍ഷകരുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു. ജലക്ഷാമവും കാലാവസ്ഥാവ്യതിയാനവും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പ്രതിസന്ധിയുടെ പേരില്‍ ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്രീക് ഇന്‍ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിനെ പ്രതിപക്ഷ സഖ്യമായ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം) സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

കര്‍ഷകര്‍ക്ക് കൃഷിക്കുള്ള ജലം ഉറപ്പുവരുത്തുന്ന രീതിയില്‍ ഈ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. ഫിര്‍ദസ് ആശിക് അവാന്‍ ഉറപ്പുനല്‍കിയിരുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി പാക്കേജ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പ്രഖ്യാപിച്ചിരുന്നു. എങ്കിലും കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ പ്രസ്താവനകളിലൂടെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് പല കര്‍ഷക സംഘടനകളും കരുതുന്നത്.

ഈ സാഹചര്യത്തില്‍ കര്‍ഷക വിരുദ്ധ സര്‍ക്കാരിനെതിരെ മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്നതു പോലുളള കര്‍ഷക പ്രക്ഷോഭം പാകിസ്താന്‍ കര്‍ഷകരും ആരംഭിക്കുമെന്ന് പാകിസ്താന്‍ കര്‍ഷക ഐക്യം പ്രസിഡന്റ് സുല്‍ഫിക്കര്‍ അവാന്‍ ഡിപ്ലോമാറ്റ് പത്രത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം ലോകത്താകമാനമുള്ള കര്‍ഷകരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് 32 കര്‍ഷക സംഘടനകള്‍ സമരം ആരംഭിച്ചത്.

 

 

 

Top