റിസര്‍വ് ദിനത്തില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് തുടക്കം; ഓവറുകള്‍ വെട്ടിക്കുറക്കില്ല

കൊളംബോ: ആശങ്കയുടെ മഴ മേഘങ്ങള്‍ മാറിയതോടെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം റിസര്‍വ് ദിനത്തില്‍ പുനരാരംഭിച്ചു. ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം 4.40നാണ് തുടങ്ങുന്നതെങ്കിലും ഓവറുകള്‍ വെട്ടിക്കെുറക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസമാണ്. 24.1 ഓവറില്‍ 148-2 എന്ന സ്കോറിലാണ് ഇന്ത്യ ഇന്നലെ ക്രീസ് വിട്ടത്. മഴമൂലം ഓവറുകള്‍ വെട്ടിക്കുറച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിയും പാക്കിസ്ഥാന് അനുകൂലവും ആവുമായിരുന്നു. ഒന്നര മണിക്കൂറോളം നഷ്ടമായെങ്കിലും ഓവറുകള്‍ വെട്ടിക്കുറക്കേണ്ടെന്ന തീരുമാനം ഇരു ടീമുകള്‍ക്കും തുല്യ സാധ്യത നല്‍കുന്നുണ്ട്.

റിസര്‍വ് ദിനത്തില്‍ മത്സരം പുനരാരംഭിച്ചപ്പോള്‍ 25-ാം ഓവറില്‍ ഇന്ത്യ 150 കടന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 36 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ്. 64 റണ്‍സോടെ കെ എല്‍ രാഹുലും 42 റണ്‍സോടെ വിരാട് കോലിയും ക്രീസില്‍. രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് ഇരുവരും വേര്‍ പിരിഞ്ഞത്.

അതേസമയം, റിസര്‍വ് ദിനത്തില്‍ കളി വീണ്ടും തുടങ്ങിയപ്പോള്‍ ബൗളിംഗ് നിരയില്‍ പേസര്‍ ഹാരിസ് റൗഫ് ഇല്ലാത്തത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാകും. പേശിവേദന മൂലമാണ് ഹാരിസ് റൗഫ് ഇന്ന് കളിക്കാനിറങ്ങാത്തത്. ആദ്യ ദിനം അഞ്ചോവര്‍ എറിഞ്ഞ ഹാരിസ് റൗഫിന് ഇനിയും അഞ്ചോവര്‍ പൂര്‍ത്തിയാക്കാനുണ്ട്.

ഇന്നലെ അഞ്ചോവറില്‍ റൗഫ് 27 റണ്‍സ് വഴങ്ങിയിരുന്നു. റൗഫിന്റെ ഓവറുകള്‍ മറ്റ് ബൗളര്‍മാരെക്കൊണ്ട് പൂര്‍ത്തിയാക്കണമെന്നതിനാല്‍ ഇന്ത്യക്ക് ഇന്ന് മുന്‍തൂക്കം ലഭിക്കും. പരിക്ക് ഗുരുതരമല്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിയിലാണ് റൗഫിനെക്കൊണ്ട് ഇന്ന് പന്തെറിയിക്കാത്തത് എന്നാണ് പാക് ടീമിന്റെ വിശദീകരണം.

Top