ഇന്ത്യ-പാക്ക്‌ യുദ്ധത്തിന്റെ നാളുകള്‍ ഓര്‍ത്തെടുത്ത് ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: 1965ലെ ഇന്ത്യ-പാക്ക്‌ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ യുദ്ധമികവിനെ ഓര്‍ത്തെടുത്ത് ഇന്ത്യന്‍ വ്യോമസേനയുടെ ട്വീറ്റ്. നമ്പര്‍. 720, 27എസ്‌ക്യുഎന്‍എസ് വിമാനങ്ങള്‍ വളരെ ഫലപ്രദമായ രീതിയിലാണ് അന്ന് പ്രവര്‍ത്തിച്ചതെന്നും നിരവധി പാറ്റണ്‍ ടാങ്കുകളും യുദ്ധ വാഹനങ്ങളും തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്നും ട്വീറ്റില്‍ പറയുന്നു. ആറ് ജറ്റ് വിമാനങ്ങള്‍ തകര്‍ക്കാനും അന്ന് സാധിച്ചു.

1965ലെ യുദ്ധത്തില്‍ പങ്കെടുത്ത അര്‍ജുന്‍ സിംഗിന് നേരത്തെ സേന ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരുന്നു. ആദ്യമായി 5 സ്റ്റാര്‍ നേടുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ 44-ാമത്തെ വയസ്സിലായിരുന്നു ഇന്ത്യ-പാക്ക്‌ യുദ്ധം. പാക്കിസ്ഥാനിന്റെ ഓപ്പറേഷന്‍ ഗ്രാന്റ് സ്ലാം തടയാന്‍ ഏറ്റവുമധികം പ്രയത്‌നിച്ച വ്യക്തിയായിരുന്നു മാര്‍ഷല്‍ അര്‍ജുന്‍ സിംഗ്.

അദ്ദേഹത്തിന്റെ ദീര്‍ഘകാല മികച്ച സേവനത്തിന് 2002ല്‍ അഞ്ച് നക്ഷത്രങ്ങളും മാര്‍ഷല്‍ പദവിയും നല്‍കി. വ്യോമ സേനയില്‍ അഞ്ച് നക്ഷത്രങ്ങള്‍ നേടുന്ന ആദ്യത്തെ വ്യക്തിയാണദ്ദേഹം. കരസേനയിലെ കെ.എം കരിയപ്പ, സാം മനേക്ഷ എന്നിവര്‍ക്കാണ് സിംഗിനെ കൂടാതെ അഞ്ച് നക്ഷത്രങ്ങള്‍ ലഭിച്ചിട്ടുള്ളത്. നാവിക സേനയിലെ ആര്‍ക്കും ഇതുവരെ ഇത് ലഭിച്ചിട്ടില്ല.

മ്യാന്‍മറിലെ ജപ്പാന്‍ കടന്നു കയറ്റത്തിനെതിരെ സേനയെ നയിച്ചതിന് അര്‍ജുന്‍ സിംഗിന് മെഡല്‍ ലഭിച്ചിരുന്നു. റോഹിങ്ക്യ വിഷയത്തില്‍ ഈ പ്രദേശം ഇന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. അന്നത്തെ സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ റങ്കൂണ്‍ പിടിച്ചെടുക്കാന്‍ ബ്രിട്ടീഷ് സേനയെ സഹായിച്ചിരുന്നു.

രാജ്യം അദ്ദേഹത്തെ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു. 60 യുദ്ധവിമാനങ്ങള്‍ സിംഗ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ പറപ്പിച്ചിട്ടുണ്ട്. 2016ല്‍ പനഗര്‍ വ്യോമസേനാ കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി. പുതുതായി രൂപീകരിച്ച 17 സൈന്യത്തിന്റെ ആസ്ഥാനം കൂടിയാണിത്.

ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് ദാരുണമായി പരാജയപ്പെടുകയായിരുന്നുവെന്ന് പാക്ക് ചരിത്രകാരന്‍ ഡോ. എസ് അക്ബര്‍ സെയ്ദി വ്യക്തമാക്കിയിരുന്നു.

Top