ഇന്ത്യ- പാക്ക് മത്സരത്തില്‍ ‘പുയാപ്ലേ..’ വിളിയില്‍ അദ്ഭുതപ്പെട്ട് ഷുഐബ് മാലിക്ക്

ദുബായ്: ഇന്ത്യ- പാക്ക് മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവം വൈറലാകുന്നു. കളി കാണാനെത്തിയ ഒരു കൂട്ടം മലയാളികളൊപ്പിച്ച രസകരമായ പണിയാണ് വീഡിയോ വൈറലാകാന്‍ കാരണം. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ സമയത്ത് ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പാക്ക് താരം ഷുഐബ് മാലിക്കാണ് ഈ വിഡീയോയിലെ താരം.

മാലിക്കിന് പിറകിലായി ഗാലറിയിലിരുന്ന് കളി കാണുകയായിരുന്ന മലയാളി ആരാധകര്‍ പാക്ക് താരത്തിന് രസകരമായ ഒരു പണികൊടുത്തു. മാലിക്കിനെ ‘പുയാപ്ലേ…പുയാപ്ലേ’ ( ഭര്‍ത്താവ്) എന്നു വിളിച്ചായിരുന്നു ഇത്. ഇടയ്ക്ക് ‘മാലിക്ക് പുയാപ്ലേ’ എന്നും വിളിക്കുന്നുണ്ട്. തന്റെ പേര് കേട്ട് മാലിക്ക് തിരിഞ്ഞുനോക്കുകയും ചെയ്തു. എന്നാല്‍ എന്താണ് സംഭവമെന്ന് പാക്ക് താരത്തിന് മനസ്സിലായില്ല.

ഈ മലയാളികള്‍ കണ്ണൂരുകാരണെന്നാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ പറയുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയാണ് മാലിക്കിന്റെ ഭാര്യ. അതുകൊണ്ട് എത്ര കാലം കഴിഞ്ഞാലും ഇന്ത്യക്കാര്‍ക്ക് മാലിക്ക് പുയ്യാപ്ലയാണെന്നും ആരാധകര്‍ പറയുന്നു.

ഏഷ്യാ കപ്പില്‍ ബുധനാഴ്ച്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാനും നിരവധി മലയാളികളെത്തിയിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. പാക്കിസ്ഥാനെ ഇന്ത്യ എട്ടു വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

Top