അതിര്‍ത്തിയില്‍ പോര് കടുക്കുമ്പോള്‍ ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ രഹസ്യ കൂടിക്കാഴ്ച

india---pak

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പോര് മുറുകുന്നതിനിടെ ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. കുല്‍ഭൂഷന്‍ ജാദവ് വിഷയവും അതിര്‍ത്തിയിലെ വെടിവയ്പ്പും ചര്‍ച്ചയാകുന്നതിനിടെയാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച.

പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ നാസര്‍ ഖാന്‍ ജാന്‍ജുവയും, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക്ക് മാധ്യമമായ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 27ന് തായ്‌ലന്‍ഡില്‍വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയമായിരുന്നെന്നും, ഡോവലിന്റെ രീതികള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും പാക്കിസ്ഥാന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ അറിയിച്ചു. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇതു സഹായിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ചാരനെന്നാരോപിച്ച് പാക്കിസ്ഥാന്‍ ജയിലില്‍ അടച്ചിരിക്കുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കുല്‍ഭൂഷണിനെ കാണാനെത്തിയ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന്‍ അവഹേളിച്ചിരുന്നെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ പ്രകോപനങ്ങള്‍ തുടരുകയാണ്. ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. 2 ജയ്‌ഷെ-മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരര്‍ ക്യാപിനുള്ളില്‍ കടന്ന് ആക്രമിക്കുകയായിരുന്നു.

നേരത്തെ, പുല്‍വാമ ജില്ലയിലെ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിലും അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

Top